ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കായി ആരംഭിച്ച ഡിജിറ്റൽ ഹാജർ സമ്പ്രദായത്തിലെ പിഴവുകൾ ഉപയോഗപ്പെടുത്തി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്രം. ഇതു തടയാൻ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാനതല നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. ഇതുസംബന്ധിച്ച് ജൂലൈ എട്ടിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്ക് 13 പേജുള്ള നിർദേശം നൽകി. ഏഴുതരത്തിലുള്ള കൃത്രിമങ്ങൾ ഡിജിറ്റൽ അറ്റൻഡൻസിൽ കണ്ടെത്തിയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത് ഡിജിറ്റൽ ഹാജറിന്റെ വിശ്വാസ്യത തകർക്കും.
പൊതുഫണ്ട് ദുരുപയോഗം ചെയ്യും. ദുരുപയോഗം അല്ലെങ്കിൽ കൃത്രിമത്വം സംബന്ധിച്ച കാര്യങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.വ്യാപക പ്രതിഷേധം പരിഗണിക്കാതെ, നാലുവർഷം മുമ്പാണ് നാഷനൽ മൊബൈൽ മോണിറ്ററിങ് (എൻ.എം.എം) സംവിധാനം ഉപയോഗിച്ച് തൊഴിലുറപ്പു പദ്ധതിയിൽ ഡിജിറ്റൽ ഹാജർ സംവിധാനം ഏർപ്പെടുത്തിയത്.
• പ്രവൃത്തിയുമായി ബന്ധമില്ലാത്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നു
• തൽസമയ ഫോട്ടോകൾക്ക് പകരം പഴയ ഫോട്ടോ നൽകുന്നു.
• തൊഴിലാളികളുടെ യഥാർഥ എണ്ണവും രേഖപ്പെടുത്തിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട്
• ഒന്നിലധികം മസ്റ്റർ റോളുകളിൽ ഒരേ ഫോട്ടോ ഉപയോഗിക്കുന്നു.
• രാവിലെയും ഉച്ചക്ക് മുമ്പുമുള്ള ഫോട്ടോകളിലെ തൊഴിലാളികൾ തമ്മിലുള്ള പൊരുത്തക്കേട്
• ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഫോട്ടോ അപ് ലോഡ് ചെയ്യുന്നില്ല.
പുതിയ പരിശോധനാ സംവിധാനം
•ഗ്രാമപഞ്ചായത്ത് തലം: 100 ശതമാനം പരിശോധന നടത്തണം
• ബ്ലോക്ക് തലം: 20 ശതമാനം റാൻഡം പരിശോധന നടത്തണം
• ജില്ലതലം: 10 ശതമാനം പരിശോധിക്കണം
• സംസ്ഥാന തലത്തിൽ അഞ്ച് ശതമാനം പരിശോധനയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.