മുംബൈ: ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. സെയ്ഫിന്റെ വീട്ടിൽ ആക്രമണം നടത്തിയ ബംഗ്ലാദേശ് പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം മികച്ച തിരക്കഥയാണെന്നും നാടകമാണെന്നും ആക്ഷേപിച്ച് മന്ത്രി നിതീഷ് റാണെ രംഗത്തുവന്നത്. മുംബൈയിൽ ഹിന്ദു മഹോത്സവം റാലിയിൽ സംസാരിക്കവെയാണ് നിതീഷ് റാണെ സെയ്ഫ് അലി ഖാനെ രൂക്ഷമായി വിമർശിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് പോകുന്ന സെയ്ഫ് അലി ഖാനെ കണ്ടു. അപ്പോൾ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റിരുന്നോ അതോ നാടകമായിരുന്നോ എന്ന് സംശയിച്ചുപോയി. നൃത്തം ചെയ്തുകൊണ്ടാണ് സെയ്ഫ് നടന്നത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ ഒരാൾക്ക് ഇതുപോലെ നടക്കാൻ സാധിക്കുമോ? ഷാരൂഖ് ഖാനോ സെയ്ഫ് അലി ഖാനോ പരിക്കേൽക്കുമ്പോൾ എല്ലാവും അതെ കുറിച്ച് സംസാരിക്കുന്നു.-എന്നാണ് നിതീഷ് റാണെ പ്രതികരിച്ചത്.
സെയ്ഫിന്റെ മതം ഒന്നുകൊണ്ട് മാത്രമാണ് ഈ പ്രശ്നത്തിന് ഇത്രയധികം ശ്രദ്ധകിട്ടിയതെന്നും ഒരു ഹിന്ദു നടനു നേരെയാണ് ആക്രമണം നടന്നതെങ്കിൽ ഇത്രയധികം ഒച്ചപ്പാടുണ്ടാകുമായിരുന്നോ എന്നും റാണെ ചോദിച്ചു.
''ഹിന്ദു നടനായ സുശാന്ത് സിങ് ക്രൂരമായി ആക്രമിക്കപ്പെട്ടു. ആർക്കും ഒരു തരത്തിലുള്ള ആശങ്കയുമുണ്ടായില്ല. ആരും ഒന്നും മിണ്ടിയില്ല. എല്ലാവർക്കും സെയ്ഫിന് കുത്തേറ്റപ്പോഴായിരുന്നു പ്രശന്ം. ഷാരൂഖ് ഖാന്റെ മകനു നേരെയും നവാബ് മാലിക്കിനു നേരെയും അക്രമമുണ്ടായപ്പോഴും അവർ രംഗത്തിറങ്ങി. എന്തുകൊണ്ടാണ് ഹിന്ദു കലാകാരൻമാർ ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾ പ്രതികരിക്കാത്തത്.-റാണെ ചോദിച്ചു.
റാണെയുടെ പ്രതികരണത്തെ കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനോട് പ്രതികരണം തേടിയപ്പോൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല എന്നായിരുന്നു മറുപടി.
സെയ്ഫ് അലി ഖാനെ മാലിന്യം എന്നാണ് സംഭവത്തോട് പ്രതികരിക്കവെ ബി.ജെ.പി എം.എൽ.എ ആക്ഷേപിച്ചത്. ബംഗ്ലാദേശികൾ മുംബൈയിൽ എന്താണ് ചെയ്യുന്നത് എന്ന് നോക്കൂ. അവർ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറുന്നു. നേരത്തേ അവർ സ്റ്റാൻഡ് റോഡ് മുറിച്ചു കടക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ വീടുകളിൽ പ്രവേശിച്ച് തുടങ്ങിയിരിക്കുന്നു. സെയ്ഫിനെ പുറത്തേക്ക് എടുക്കാനായിരിക്കണം അയാൾ വീട്ടിലെത്തിയത്. അത് നല്ലതായിരുന്നു. മാലിന്യം എടുത്തുപുറത്തു കളയുന്നതാണ് എപ്പോഴും നല്ലത്.-എന്നായിരുന്നു ബി.ജെ.പി എം.എൽ.എയുടെ പ്രതികരണം.
ജനുവരി 16നാണ് സംഭവം നടന്നത്.
ശിവസേന ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് നിരുപമും സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ സംശയം പ്രകടിപ്പിച്ചു. ഒരുപാട് ഉത്തമില്ല ചോദ്യങ്ങൾ മനസിലുണ്ട്. മുംബൈയിലെ ജനങ്ങൾക്കും അതേ സംശയമുണ്ട്. അപൂർവമായ ചികിത്സയാണോ സെയ്ഫിന് ലീലാവതി ആശുപത്രിയിൽ കിട്ടിയതെന്നും സഞ്ജയ് നിരുപം ചോദിച്ചു. നമ്മുടെ ആരോഗ്യ മേഖല അത്രക്കങ്ങ് വികസിച്ചുപോയോ? നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഒരാൾക്ക് വലിയ ശസ്ത്രക്രിയ കഴിഞ്ഞ് അത്രയെളുപ്പം നടന്നുപോകാൻ സാധിക്കുമോ? സിനിമയിലെ പോലെ തുള്ളിച്ചാടിയാണ് സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയത്. ഇതെങ്ങനെയാണ് സാധിക്കുകയെന്നും ശിവസേന നേതാവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.