മഹാരാഷ്​ട്രയിലെ ഭരണ പ്രതിസന്ധിക്ക്​ അറുതി; നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ്​ മേയ് 21ന്

മുംബൈ: മഹാരാഷ്​ട്രയിൽ ഭരണ പ്രതിസന്ധി ഒഴിവാക്കാൻ ഒഴിവുവന്ന നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക്​ മേയ്​ 21ന്​ തെരഞ്ഞെടുപ്പ്​ നടത്താൻ തെരഞ്ഞെടുപ്പ്​ കമിഷൻ തീരുമാനിച്ചു. നിലവിൽ എം.എൽ.എയോ നിയമസഭ കൗൺസിൽ അംഗമോ അല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്ക്​​ അധികാരത്തിൽ തുടരണമെങ്കിൽ മേയ്​ 28നു മുമ്പ്​ ഇവയിൽ ഏതെങ്കിലും ഒന്നിലേക്ക്​ തെരഞ്ഞെടുക്കപ്പെടണം. നിയമസഭ കൗൺസിലിലേക്ക്​ മത്സരിക്കാനായിരുന്നു ഉദ്ധവിന്‍റെ തീരുമാനം. എന്നാൽ, കോവിഡിനെതിരായ പോരാട്ടത്തിനിടയിൽ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത്​​ ഭരണ പ്രതിസന്ധിക്ക്​ വഴിവെച്ചു.

ഗവർണർ ക്വാട്ടയിലെ ഒഴിവിൽ ഉദ്ധവ്​ താക്കറെയെ നിയമസഭ കൗൺസിലിലേക്ക്​ നിയമിക്കാൻ സർക്കാർ ശിപാർശ ചെയ്​തെങ്കിലും ഗവർണർ ഭഗത്​ സിങ്​​ കോശിയാരി തയാറായിരുന്നില്ല. ഇതെ തുടർന്ന്​ ഉദ്ധവ്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടിയിരുന്നു. പിന്നാലെ, ഒഴിവുവന്ന ഒമ്പത്​ നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ്​ നടത്താൻ ഗവർണർ തെരഞ്ഞെടുപ്പ്​ കമീഷനോട്​ ആവശ്യപ്പെടുകയായിരുന്നു.

വെള്ളിയാഴ്​ച രാവിലെ നടന്ന തെരഞ്ഞെടുപ്പ് കമിഷണർമാരുടെ യോഗത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനമായത്​. കഴിഞ്ഞ നവംബർ 28നാണ്​ ഉദ്ധവ്​ താക്കറെ ശിവസേന, എൻ.സി.പി, കോൺഗ്രസ്​ സഖ്യ സർക്കാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തത്​.

Tags:    
News Summary - maharashtra legislative council election -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.