മഹാരാഷ്ട്രയിൽ രോഗികൾ ഒരു ലക്ഷത്തിലേക്ക്; വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി 

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ബുധനാഴ്ച 3254 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 94,041 ആയി. അതിനിടെ, നിലവിലെ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും കർശന ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പു നൽകി. 

മഹാരാഷ്ട്രയിൽ ഇതുവരെയുണ്ടായതിൽ ഒറ്റ ദിവസത്തെ ഏറ്റവുമുയർന്ന രോഗനിരക്കാണ് ബുധനാഴ്ചയുണ്ടായത്. 149 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 3438 ആയി ഉയർന്നു. 

3254 പുതിയ രോഗികളിൽ 1567ഉം കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈ നഗരത്തിലാണ്. മുംബൈയിൽ മാത്രം ആകെ രോഗികൾ 52,667 ആയി. 97 മരണവും ഇവിടെയാണ്. 

ആകെ 44,517 പേർ രോഗമുക്തി നേടിയതാണ് മഹാരാഷ്ട്രക്ക് ആശ്വസിക്കാനുള്ള ഒരേയൊരു കാര്യം. 46,074 പേരാണ് ചികിത്സയിൽ തുടരുന്നത്. 5.93 ലക്ഷം പേരെയാണ് ആകെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. 

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയിരിക്കുന്നത്. അപകടഘട്ടം ഇനിയും കടന്നുപോയിട്ടില്ല. ജനം ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഘട്ടംഘട്ടമായി ലോക്ഡൗൺ ഉയർത്തേണ്ടിവരും -വാർത്താ സമ്മേളനത്തിൽ ഉദ്ധവ് പറഞ്ഞു. 

സാമ്പത്തിക ചക്രത്തെ ചലിപ്പിക്കാതിരിക്കാൻ നമുക്കാകില്ല. എന്നാൽ, ഇളവുകൾ അപകടസാധ്യത വർധിപ്പിക്കുമ്പോൾ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്താൻ നിർബന്ധിതമാകും -ഉദ്ധവ് താക്കറെ വ്യക്തമാക്കി. 

Tags:    
News Summary - maharashtra covid cases to touch one lakh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.