ഭോപ്പാൽ: മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം കുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര സെക്കന്‍ററി ആന്‍റ് ഹയർ സെക്കന്‍ററി എജ്യുക്കേഷന്‍റെ തീരുമാനം. ഏഴാം ക്ളാസിലേയും ഒൻപതാം ക്ളാസിലേയും പാഠപുസ്തകത്തിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ വകുപ്പിനും ഹിസ്റ്ററി സബ്ജക്ട് കമ്മിറ്റിക്കും നൽകിയ ശിപാർശയിൽ ബോർഡ് നിർദേശിക്കുന്നത്. മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രത്തിന് പകരം മറാത്ത ചക്രവർത്തി ശിവാജിയുടേയും 1960ന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും പഠിപ്പിക്കണമെന്നാണ് ശിപാർശ.
തീരുമാനത്തിൽ രാഷ്ട്രീയം കലർന്നിട്ടില്ലെന്നും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകരും അടങ്ങുന്ന വിദഗ്ധരുടെ നിർദേശമാണെന്നുമാണ് കമ്മിറ്റി അംഗങ്ങളുടെ വാദം. മറാത്ത സാമ്രാജ്യത്തെക്കുറിച്ചും ഛത്രപതി ശിവജിക്ക് മുൻപും ശേഷവുമുള്ള മഹാരാഷ്ട്രയേയും ഇന്ത്യയേയും കുറിച്ചായിരിക്കും ഏഴാം ക്ളാസിലെ പാഠഭാഗത്തിൽ ഉൾപ്പെടുത്തുക. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നതായിരിക്കും ഒൻപതാം ക്ളാസിലെ പാഠഭാഗങ്ങളെന്നും കമ്മിറ്റി ചെയർമാൻ സദാനന്ദ് മോറെ പറഞ്ഞു.
മുഗൾ രാജാക്കന്മാരും അവരുടെ നേട്ടങ്ങളും, ഫ്രഞ്ച് വിപ്ളവം, ഗ്രീക്ക് തത്വചിന്ത, അമേരിക്കൻ സ്വാതന്ത്ര്യ സമരം എന്നിവ നേരത്തേ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഭാഗങ്ങൾ കുറക്കുകയോ ഏതാനും ചില വരികളാക്കി ചുരുക്കുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.