പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കുംഭമേളയുടെ ഭാഗമായി നിർമിച്ച ടെന്റുകളിലൊന്നിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ലെന്ന് പൊലീസ് അറിയിച്ചു.സുരക്ഷ മുൻകരുതലിന്റെ ഭാഗമായി കുംഭമേള സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സിന്റെ ട്രക്കുകളെത്തി ഉടൻ തന്നെ തീയണച്ചു. ടെന്റുകളിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും യു.പി പൊലീസ് അറിയിച്ചു.
വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പത്തോളം ടെന്റുകളിലേക്ക് തീപടർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു.കുംഭമേളക്കിടെയുണ്ടായ തീപിടിത്തം ഞെട്ടിക്കുന്നതാണെന്നും ആവശ്യമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ടെന്നും കുംഭമേളയുടെ സംഘാടകർ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. എല്ലാവർക്കും വേണ്ടി ഗംഗ ദേവിയോട് പ്രാർഥിക്കുകയാണെന്നും സംഘാടകർ വ്യക്തമാക്കി.
ജനുവരി 13ാം തീയതിയാണ് മഹാകുംഭമേളക്ക് തുടക്കമായത്. 45 നാൾ നീളുന്ന മേളയിൽ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.ഒരുമാസത്തിലധികം നീളുന്ന മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്.
വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ കുംഭമേളക്കായി ഒരുക്കിയിട്ടുണ്ട്. പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘട്ടുകള്‍ തയാറാക്കിയിരുന്നു. കുംഭമേള നടക്കുന്ന ദിവസങ്ങളില്‍ 3,000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13,000 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ഒരുക്കും. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടക പ്രവാഹമുണ്ടാകുമെന്നതിനാൽ അന്നു വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.