തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി

ചെന്നൈ: ​ബലിപെരുന്നാളിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈകോടതി. തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് കൊണ്ടു​ള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ് കോടതി. ബലിപെരുന്നാളിനും മാത്രമല്ല ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരിക്കയാണ്.

പാൽ ഉൽപാദനത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടി 1976 ആഗസ്റ്റ് 30-ന് ഗോവധം നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് ബലിപെരുന്നാൾ ദിനത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് മദ്രാസ് ഹൈകോടതി നിർദ്ദേശിച്ചിരിക്കുന്നത്. 2020 ജൂലൈ 30-ന് ഹൈകോടതി പുറപ്പെടുവിച്ച മുൻ ഡിവിഷൻ ബെഞ്ച് ഉത്തരവും, ഗോവധം സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാനം പുറപ്പെടുവിച്ച 1976-ലെ സർക്കാർ ഉത്തരവും കോടതി പരാമർശിച്ചു.

പൊതുസ്ഥലങ്ങളിൽ പശുക്കളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിയും ഹിന്ദു മക്കൾ കക്ഷി യുവജന വിഭാ​ഗം സെക്രട്ടറിയുമായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ബലിപെരുന്നാൾ ദിനത്തിൽ അധികൃതർ അം​ഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിരവധി സംസ്ഥാനങ്ങൾ ​ഗോവധം നിരേ‍ാധിച്ചിട്ടുണ്ട്. അത് കോടതികളും ശരിവച്ചിട്ടുണ്ട്. ഇത്തരം വാദങ്ങൾ ഉയർത്തിയാണ് ഹരജിക്കാ​രനെപ്പോലു​ം അമ്പരപ്പിക്കുന്ന തരത്തിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി ഉത്തരവിറക്കുന്നത്. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈകോടതിയുടേത് അസാധാരണ നടപടി​യാണെന്നാണ് പൊതുവിലയിരുത്തൽ.

Tags:    
News Summary - Madras High Court orders ban on cow slaughter in Tamil Nadu with immediate effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.