എസ്.ഐ.ആറിൽ പേര് വെട്ടി; മുർഷിദാബാദിലെ 4 തൊഴിലാളികൾ ഛത്തീസ്ഗഢിൽ ഒരു മാസമായി തടങ്കലിൽ

കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ (എസ്ഐആർ) പേര് വെട്ടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള നാല് കുടിയേറ്റ തൊഴിലാളികൾ ഛത്തീസ്ഗഢിലെ തടങ്കൽ കേന്ദ്രത്തിൽ ഒരു മാസമായി കഴിയുന്നു. തലമുറകളായി ഇന്ത്യയിൽ താമസിക്കുന്നവരാണ് ഇവരെന്നിരിക്കെ, ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തിലാണ് നടപടി.

മുർഷിദാബാദിലെ സാംസർഗഞ്ച്, സഹാബാദ് മേഖലകളിൽ നിന്നുള്ള സാബിർ ഷെയ്ക്ക് (42), സഫിഖുൽ ഇസ്‍ലാം (39), നസിറുദ്ദീൻ ഷെയ്ക്ക് (35), ലാൾട്ടു ഷെയ്ക്ക് (28) എന്നിവരുൾപ്പെടെ 23 തൊഴിലാളികളാണ് ആഗസ്റ്റ് അവസാനം ജോലി തേടി ഛത്തീസ്ഗഢിലെത്തിയത്. ബിലാസ്പൂർ മേഖലയിൽ വീടുകൾതോറും കയറി സാധനങ്ങൾ വിൽക്കുകയായിരുന്നു ഇവർ.

സെപ്റ്റംബർ 4ന് സിർഗിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുൻചിയാപാര-ഗണേശ് നഗറിലെ താമസസ്ഥലത്ത് നിന്ന് 23 പേരെയും ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തിൽ ഛത്തീസ്ഗഢ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം ബിലാസ്പൂർ എസ്.പി ഓഫീസിലേക്കും പിന്നീട് റായ്പൂരിലെ അനധികൃത കുടിയേറ്റക്കാർക്കായുള്ള ഹോൾഡിങ് സെന്ററിലേക്കും മാറ്റി.

ഇതിൽ 19 പേരെ സെപ്റ്റംബർ 18ന് പ്രാദേശിക സിവിൽ കോടതിയുടെ ഉത്തരവിനെ തുടർന്ന് വിട്ടയച്ചു. എന്നാൽ നാല് പേർ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. എസ്.ഐ.ആറിൽ ഇവരുടെ പേര് വെട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം ചോദ്യം ചെയ്തതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. വിട്ടയച്ച 19 പേരുടെ പേരുകൾ ഏപ്രിലിലെ പരിശോധനക്ക് ശേഷം വോട്ടർ പട്ടികയിൽ തിരികെ വന്നിരുന്നു.

‘ഞാൻ കുട്ടിക്കാലം മുതൽ സാംസർഗഞ്ചിലാണ് താമസം. എന്റെ മുതുമുത്തച്ഛൻ പണിത നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു ഞങ്ങളുടെ പഴയ വീട്. മണ്ണൊലിപ്പിൽ ഒലിച്ചുപോയതിന് ശേഷം 1973ൽ പുതിയ വീട് വെച്ചു. രണ്ട് വീടുകളുടെയും രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്. പിന്നെ എങ്ങനെയാണ് എന്റെ മകൻ ബംഗ്ലാദേശിയാകുന്നത്?’ സഫിഖുളിന്റെ പിതാവായ 67കാരൻ റിയാജുൽ ഷെയ്ക്ക് ചോദിച്ചു.

റിയാജുളിന്റെയും മൂത്ത മകൻ റഫീക്കുളിന്റെയും പേര് വോട്ടർ പട്ടികയിലുണ്ട്. എന്നാൽ മറ്റ് രണ്ട് മക്കളായ സഫിഖുളിന്റെയും ആസിക്കുളിന്റെയും പേര് എസ്.ഐ.ആറിന് ശേഷം വെട്ടി. ആറ് പേർ കൂടി റിയാജുളിനെ പിതാവായി അവകാശപ്പെടുന്നു എന്ന ‘ലോജിക്കൽ ഡിസ്ക്രപൻസി’ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. പേര് തിരികെ ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ട്രൈബ്യൂണലിൽ അപ്പീൽ നൽകിയെങ്കിലും തീർപ്പ് കാത്തിരിക്കുകയാണ്.

സാബിറിന്റെ ജ്യേഷ്ഠൻ മുസ്തഖിം ഷെയ്ക്കിനെയും ഛത്തീസ്ഗഢ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. നാല് പേരുടെയും കുടുംബങ്ങൾ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിനെതിരായ അപ്പീൽ ട്രൈബ്യൂണലിന് മുന്നിൽ നിലനിൽക്കെയാണ് തടങ്കലിലാക്കിയതെന്നും അതിനാൽ നടപടി പൂർണമായും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഹരജിയിൽ പറയുന്നു. ജോലിക്കായി താൽക്കാലികമായാണ് ഛത്തീസ്ഗഢിൽ പോയതെന്നും സ്ഥിരമായ വേരുകൾ പശ്ചിമ ബംഗാളിലാണെന്നും കുടുംബങ്ങൾ ചൂണ്ടിക്കാട്ടി.

കേസിന്റെ ആദ്യ വാദം സെപ്റ്റംബർ 5ന് പരിഗണിക്കവെ ഛത്തീസ്ഗഢ് സർക്കാരിന്റെ ഇരട്ടത്താപ്പിനെ കൊൽക്കത്ത ഹൈക്കോടതിയും വിമർശിച്ചിരുന്നു. "ഒരാൾ ഇന്ത്യൻ പൗരനല്ലെന്ന് അധികൃതർ പറയുമ്പോൾ പിന്നെ അപ്പലറ്റ് അതോറിറ്റി (ട്രൈബ്യൂണൽ) എന്ത് ചെയ്യും?" എന്ന് ജസ്റ്റിസ് കൃഷ്ണ റാവു ചോദിച്ചു. പേര് വെട്ടിയവരുടെ അപ്പീൽ തീർപ്പാക്കാൻ സുപ്രീം കോടതി ട്രൈബ്യൂണൽ രൂപീകരിച്ചിട്ടുണ്ടെന്നിരിക്കെ എങ്ങനെയാണ് എഫ്.ആർ.ഒക്ക് പൗരത്വത്തിൽ തീരുമാനമെടുക്കാൻ കഴിയുകയെന്നും കോടതി ചോദിച്ചു.

Tags:    
News Summary - Bengal Workers Detained Over Citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.