ഭോപാൽ: ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ആദിവാസി യുവാവിന് മധ്യപ്രദേശ് സർക്കാറിന്‍റെ നഷ്ടപരിഹാരം. പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ല കലക്ടർ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ ദശ്മത് രാവതിനെ ഭോപാലിലെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് കാൽകഴുകിക്കൊടുത്താണ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ജനരോഷം ശമിപ്പിക്കാൻ ശ്രമിച്ചത്. യുവാവിനെ കസേരയിലിരുത്തി, മുഖ്യമന്ത്രി തറയിലിരുന്ന് കാൽകഴുകുന്ന ചിത്രം വൈറലായിരുന്നു.
സംഭവത്തിൽ താൻ ഏറെ ദുഃഖിതനായെന്നാണ് ശിവ് രാജ് സിങ് ചൗഹാൻ പ്രതികരിച്ചത്. ദശ്മതിനെ ചൗഹാൻ ‘സുദാമ’ എന്നാണ് വിശേഷിപ്പിച്ചത്. (പുരാണത്തിൽ ശ്രീകൃഷ്ണന്റെ ബാല്യകാല സുഹൃത്തായ കുചേലന്റെ മറ്റൊരു പേരാണ് സുദാമ). ദശ്മത് ഇനി തന്റെ സുഹൃത്താണെന്നും ചൗഹാൻ പറഞ്ഞു. ആദിവാസികൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ ലഭിക്കുന്നുണ്ടോ.. തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി അന്വേഷിച്ചു. നേരേത്ത, ഭോപാലിലെ ‘സ്മാർട്ട് സിറ്റി പാർക്കി’ൽ ഇരുവരും ചേർന്ന് മരത്തൈ നട്ടു.
കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പർവേശ് ശുക്ലയെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബി.ജെ.പി എം.എൽ.എ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് ഇയാൾ. ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) പ്രകാരവും ശുക്ലക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.