അറസ്റ്റിലായ ഡോക്ടർ പ്രവീൺ സോണി
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ മലിനമായ ചുമ സിറപ്പുകൾ കഴിച്ച് 11 കുട്ടികൾ മരിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. പരേഷ്യയിലെ ശിശുരോഗ വിദഗ്ദ്ധനായ പ്രവീൺ സോണിയയെ ആണ് അറസ്റ്റ് ചെയ്തത്. ഗവൺമന്റ് ഡോക്ടറായിരുന്ന സോണിയുടെ സ്വകാര്യ ക്ലിനിക്കിലാണ് മിക്ക കുട്ടികളെയും ചികിത്സിച്ചിരുന്നത്.
അപകടകാരിയായ കോൾഡ്രിഫ് ചുമ സിറപ്പ് നിർമിച്ച തമിഴ്‌നാട്ടിലെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തു. മുൻകരുതൽ നടപടിയായി പ്രാദേശിക ഭരണകൂടം കോൾഡ്രിഫിന്റെയും മറ്റൊരു കഫ് സിറപ്പായ ‘നെക്സ്ട്രോ-ഡി.എസ്’ ന്റെയും വിൽപന നിരോധിച്ചിട്ടുണ്ട്.
മരുന്നിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയതിനെ തുടർന്ന് കോൾഡ്രിഫിന്റെ വിൽപ്പന സർക്കാർ നേരത്തെ നിരോധിച്ചിരുന്നതാണ്. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ ഗവൺമെന്റ് ഡ്രഗ് അനലിസ്റ്റ് പരിശോധിച്ച സിറപ്പിന്റെ ഒരു സാമ്പിളിൽ ഗുണനിലവാരമില്ലാത്തവയാണ് ഇത്തരം സിറപ്പുകളെന്ന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിരുന്നു.
ജലദോഷവും പനിയും ബാധിച്ച കുട്ടികൾക്കാണ് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള പതിവ് മരുന്നുകൾ ഡോക്ടർ നിർദേശിച്ചത്. മരുന്ന് കഴിച്ച കുട്ടികളുടെ ആരോഗ്യനിലയിൽ ആദ്യം നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. തുടർന്ന് രോഗം അവരുടെ വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാക്കുകയും ചെയ്തു. ഇത്തരത്തിൽ 11 കുട്ടികളാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്.
കുട്ടികളുടെ മരണത്തെ തുടർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. കോൾഡ്രിഫ് സിറപ്പ് മൂലം ചിന്ദ്വാരയിൽ കുട്ടികൾ മരിച്ച സംഭവം അങ്ങേയറ്റം ദാരുണമാണെന്നും മധ്യപ്രദേശിലുടനീളം ഇത്തരം സിറപ്പിന്റെ വിൽപ്പന നിരോധിച്ചിരിക്കുന്നുവെന്നും കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
മരിച്ചവരിൽ 11 പേർ പരേഷ്യയിൽ നിന്നുള്ളവരും രണ്ട് പേർ ചിന്ദ്വാര നഗരത്തിൽ നിന്നുള്ളവരും ഒരാൾ ചൗറായിയിൽ നിന്നുള്ളവരുമാണ്. സമാനമായ മൂന്ന് മരണങ്ങൾ സംഭവിച്ച രാജസ്ഥാനും തമിഴ്‌നാടും കേരളവും കോൾഡ്രിഫിനെ നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.