പൊതുപരിപാടിക്കിടെ പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമം; മധ്യപ്രദേശ് ബി.ജെ.പി എം.എൽ.എക്കെതിരെ പ്രതിഷേധം പുകയുന്നു
ഭോപാൽ: പൊതുപരിപാടിക്കിടെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ മധ്യപ്രദേശ് എം.എൽ.എയും മുൻ മന്ത്രിയുമായ ഗൗരി ശങ്കർ ബൈസൺ വിവാദത്തിൽ. ഗൗരി ശങ്കർ പെൺകുട്ടികളെ മോശം രീതിയിൽ സ്പർശിക്കുന്നതിന്റെ വിഡിയോ മധ്യപ്രദേശ് കോൺഗ്രസ് ട്വിറ്റർ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഒരു ഫോട്ടോ സെഷനിലെ പെൺകുട്ടികളുടെ കൈകൾ പിടിച്ചു വലിച്ച് ദേഹത്തേക്ക് ചേർത്ത്നിർത്തി ഗൗരി ശങ്കർ അവരുടെ മാറിടത്തിലും സ്പർശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബലാഘട്ട് ജില്ലയിൽ നടന്ന പരിപാടിയിലാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു. എം.എൽ.എയും മുൻ മന്ത്രിയും പിന്നാക്ക വിഭാഗ കമ്മീഷൺ ചെയർമാൻ കൂടിയായ ഗൗരി ശങ്കറാണ് ഇത്തരത്തിൽ പെൺകുട്ടികളോട് പെരുമാറുന്നതെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതാക്കളിൽ നിന്ന് പെൺമക്കളെ സംരക്ഷിക്കണമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
ഇൗ പെൺകുട്ടികൾക്ക് വനിത ഡോക്ടർമാരുടെ കൗൺസലിങ് നൽകണമെന്നും പെൺകുട്ടികളോട് പൊതുമധ്യത്തിൽ ഇത്തരത്തിൽ പെരുമാറുന്നത് ലജ്ജാവഹമാണെന്നും പാർട്ടി നേതാക്കൾ ഇങ്ങനെ ചെയ്യുന്നതിൽ ശിവരാജ് സിങ് ചൗഹാന് ലജ്ജ തോന്നുന്നില്ലേയെന്നും കോൺഗ്രസ് നേതാവ് മുകേഷ് ഗുപ്ത ട്വീറ്റിന് താഴെ പ്രതികരിച്ചു.
കൊച്ചുപെൺകുട്ടികളോട് മുൻ മന്ത്രിയുടെ അനുചിത പെരുമാറ്റം ആയിരക്കണക്കിന് ആളുകൾ കണ്ടിരിക്കുന്നു. ഇത്തരം ആളുകളെ വോട്ട് ചെയ്ത് ജയിപ്പിച്ചാൽ, അവർ പകൽവെളിച്ചത്തിൽ നമ്മുടെ പെൺമക്കളെ കടത്തിക്കൊണ്ടുപോകുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് വിഡിയോ പങ്കുവെച്ച എ.എ.പി എം.എൽ.എ നരേഷ് ബൽയാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.