സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ‘അപക്വം’; ബംഗളൂരു ദുരന്തത്തിൽ തന്നെ ബലിയാടാക്കിയെന്ന് ബംഗളൂരു എ.സി.പി

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ തന്നെ സർക്കാർ ബലിയാടാക്കിയെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അഡീഷനൽ പൊലീസ് കമീഷണർ (എ.സി.പി) വികാസ് കുമാർ വികാസ്. തന്നെ സസ്പെൻഡ് ചെയ്യാനുള്ള സർക്കാർ തീരുമാനം ആരോപിതവും അപക്വവുമാണെന്നും കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ടൈബ്യൂണലിനു നൽകിയ പരാതിയിൽ എ.സി.പി പറയുന്നു. അന്വേഷണം നടത്താനോ തന്‍റെ ഭാഗം കേൾക്കാനോ സർക്കാർ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടിക്കറ്റോ പാസ്സോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ച ആർ.സി.ബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് വൻതോതിൽ ആളുകൾ കൂടുന്ന സാഹചര്യം സൃഷ്ടിച്ചത്. ഇത്ര വലിയ ആഘോഷ പരിപാടി സംഘടിപ്പിക്കാൻ കൃത്യമായ മുന്നൊരുക്കം വേണം. അതിനുള്ള സമയം സംഘാടകർ നൽകിയില്ല. മുന്നറിയിപ്പ് നൽകിയിട്ടും വിജയാഘോഷം കിരീടം നേടി തൊട്ടടുത്ത ദിവസം തന്നെ വേണമെന്ന് ആർ.സി.ബി നിലപാട് സ്വീകരിച്ചെന്നും എ.സി.പി ചൂണ്ടിക്കാണിച്ചു.

റോയൽ ചാലഞ്ചേഴ്സിന്‍റെ ഐ.പി.എൽ കിരീടനേട്ടത്തിനു പിന്നാലെ ഈ മാസം നാലിനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്. തിക്കിലുംതിരക്കിലും 11 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആരാധകരുടെ വികാരപ്രകടനം ശാന്തമാകാൻ സമയം വേണമെന്നും നാലു ദിവസം കഴിഞ്ഞ് പരിപാടി സംഘടിപ്പിക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ പിന്മാറിയില്ലെന്ന് കമീഷണർ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Made a scapegoat, suspended Bengaluru cop alleges in plea to tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.