ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയിൽ; ഏപ്രില്‍ അഞ്ചിന് പരിഗണിക്കും

ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചു. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് അ​ദ്ദേഹം.

ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണ്​ താന്‍ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും ഹരജിയിൽ പറഞ്ഞു. അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായി. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ട്​. തന്‍റെ സാന്നിദ്ധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാൻ കഴിയും. ആവശ്യമാകുമ്പോഴൊക്കെ കോടതിയില്‍ ഹാജരാകും. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, 2014ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാൽ, ഇത്​ പാലിക്കപ്പെട്ടിട്ടില്ല. ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടത്തുന്ന കോടതി ആ കേസിന് മാത്രമായുള്ള പ്രത്യേക കോടതിയാണ്​. എന്നിട്ട് കൂടി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ കേസ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്​. പ്രതേക കോടതി തന്നെ രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്ന് സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് പോലും പാലിച്ചില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കോവിഡ്​ സാഹചര്യത്തില്‍ നിലച്ചിരുന്നു. പിന്നീട് നിബന്ധനകളിൽ ഇളവ് വന്നപ്പോള്‍ ചുമതല ഉണ്ടായിരുന്ന പ്രത്യേക വിചാരണ കോടതി ജഡ്ജി ഉയര്‍ന്ന സര്‍വിസിലേക്ക് മാറി പോയി. പകരം പുതിയ ജഡ്ജിയെ നിയമിക്കാത്തതും സാക്ഷികളെ യഥാസമയം വിചാരണക്കായി ഹാജരാക്കാതിരിക്കുന്നതും മൂലം കേസ്​ ഇഴയുകയാണ്​. സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ സമന്‍സ് ചെയ്തിട്ടും ഹാജാരാകാതിരിക്കുക, സാക്ഷികളെ പുനര്‍വിചാരണക്ക് വിളിക്കുക, രണ്ട്​ തവണ പ്രോസിക്യൂട്ടറെ മാറ്റുക, വിചാരണയുടെ ഷെഡ്യൂള്‍ പാലിക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തുക തുടങ്ങിയ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യ​പ്പെട്ടത്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Madani seeks bail exemption in Supreme Court; Will be considered on April 5th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.