പ്രമുഖ സംഗീതജ്ഞൻ ബാലമുരളീ കൃഷ്​ണ അന്തരിച്ചു

ചെന്നൈ: പ്രമുഖ കർണാടക സംഗീതജ്ഞൻ ഡോ. എം. ബാലമുരളീ കൃഷ്​ണ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. പത്​മ ശ്രീ, പത്​മ ഭൂഷൺ, പത്​മ വിഭൂഷൺ എന്നീ പുരസ്​കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്​. ഫ്രഞ്ചു സർക്കാർ ഒാർഡർ ഒാഫ്​ ആർട്​സ്​ ആൻറ്​ ലെറ്റേഴ്​സ്​ പുരസ്​കാരം നൽകി.

സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി, നാദ മഹർഷിണി, ഗന്ധർ‌വ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടി​െൻറ സംഗീതജ്ഞൻ എന്നിവ അവയിൽ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിനു ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.

മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം, മികച്ച സംഗീതസം‌വിധായകൻ, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ഏക കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാ‍ണി നിലയങ്ങളിലെ ടോപ്പ് ഗ്രേഡ് കലാകാരനായും ഇദ്ദേഹം അറിയപ്പെട്ടു.

സംഗീതജ്​ഞൻ,ഗായകൻ എന്നതിന്​ പുറമെ വയലിൻ, മൃദംഗം, പുല്ലാങ്കുഴൽ, വീണ എന്നിവ വിദഗ്​ദമായി ഉപയോഗിക്കൻ കഴിയുന്ന പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. നിരവധി സിനിമകൾക്ക്​ പിന്നണി ഗാനം ആലപിച്ചിട്ടുണ്ട്​. വിവിധ ഭാഷകളിലെ ചിത്രങ്ങളിലായി​ 400ൽ അധികം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി​.

പരമ്പരാഗത ശൈലിയിൽ ഉൗന്നിനിന്ന്​ സ്വന്തമായ രാഗങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ബാലമുരളകൃഷ്​ണ. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സംഗീത ലോകത്തെ വിവിധ മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായിരുന്നു മുരളീ കൃഷ്ണ.

ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്​തയിലായിരുന്നു ജനനം. എട്ടാം വയസിൽ ആദ്യത്തെ സംഗീത കച്ചേരി അവതരിപ്പിച്ചു. 15ാം വയസിൽ 72 മേളകർത്താ രാഗങ്ങൾ സ്വായത്തമാക്കി. ത്യാഗരാജ ഭാഗവതരുടെ പിൻമുറക്കാരുടെ ഗുരുവായി അദ്ദേഹം അറിയപ്പെട്ടു.

ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്താണു ബാലമുരളീകൃഷ്ണ ജനിച്ചത്. അച്ഛൻ ഒരു സംഗീത വിദ്വാനും, വയലിൻ, ഓടക്കുഴൽ, വീണ എന്നീ സംഗീതോപകരങ്ങൾ വായിക്കുവാൻ കഴിവുള്ളയാളും, അമ്മ വീണാ വിദുഷിയുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനു ശേഷം അച്ഛനായിരുന്നു ബാലമുരളീകൃഷ്ണയെ വളർത്തിയത്.

സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛൻ അദ്ദേഹത്തെ പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ കണ്ണിയായ പണ്ടലുവിന്റെ കീഴിൽ നിന്നു വളരെ പെട്ടെന്നു തന്നെ ബാലമുരളീകൃഷ്ണ കർണാടക സംഗീതം ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സിൽ ബാലമുരളീകൃഷ്ണ ആദ്യത്തെ ത്യാഗരാജ ആരാധന വിജയവാഡയിൽ നടത്തി.

 

Full View
Tags:    
News Summary - M. Balamuralikrishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.