ഗുജറാത്ത് ഹൈക്കോടതി

'നല്ല വീടുകൾ കാണിച്ച് ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ നൽകി പറ്റിച്ചു'; 'ബുൾഡോസർ രാജി'ൽ വീട് നഷ്ടപ്പെട്ടവർ ഗുജറാത്ത് ഹൈക്കോടതിയിൽ

സൂറത്ത്: സൂറത്തിലെ നസീർനഗറിൽ കഴിഞ്ഞ ജൂണിൽ വീടുകൾ പൊളിച്ചുമാറ്റിയതിനെത്തുടർന്ന് ദുരിതത്തിലായവർക്ക് വാഗ്ദാനം ചെയ്ത പുനരവാസവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ നിർണായക വാദങ്ങൾ. തുടക്കത്തിൽ നല്ല വീടുകൾ വാഗ്ദാനം ചെയ്ത് പിന്നീട് മോശം അവസ്ഥയിലുള്ള വീടുകൾ നൽകി അധികൃതർ വഞ്ചിച്ചുവെന്ന് പൊളിക്കൽ നടപടിക്ക് ഇരയായവർ ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി വീടുകൾ തകർത്തു എന്നാരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഈ ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നത്.

തുടക്കത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴിൽ ജഹാംഗീർപുരയിലുള്ള മികച്ച 1-ബി.എച്ച്.കെ വീടുകളാണ് പുനരവാസത്തിനായി അധികൃതർ കാണിച്ചുതന്നിരുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഈ വീടുകൾ നേരത്തെ നേരിട്ട് കണ്ട് പരിശോധിച്ച ശേഷമാണ് താമസക്കാർ പുനരവാസത്തിന് സമ്മതം മൂളിയത്. എന്നാൽ പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ സർക്കാർ പുനരവാസ സ്ഥലം മാറ്റുകയും, അദാജാൻ, ഭേസ്ഥാൻ എന്നീ പ്രദേശങ്ങളിലേക്ക് വീടുകൾ മാറ്റുകയുമായിരുന്നു.

പുതിയതായി വാഗ്ദാനം ചെയ്ത വീടുകൾ കടുത്ത ജീർണാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. ഒരു ചെറിയ മുറിയും അടുക്കളയും മാത്രമുള്ള, വളരെ മോശം അവസ്ഥയിലുള്ള കെട്ടിടങ്ങളാണ് തങ്ങൾക്ക് അനുവദിച്ചതെന്ന് അവർ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം, വീടുകൾ അനുവദിക്കുന്നതിനായി നടത്തിയ നറുക്കെടുപ്പിൽ തങ്ങൾ പങ്കെടുത്തില്ലെന്ന സൂറത്ത് മുൻസിപ്പൽ കോർപ്പറേഷന്റെ വാദവും ഹർജിക്കാർ തള്ളി. തങ്ങൾ നറുക്കെടുപ്പിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പക്കലുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. എന്നാൽ യഥാർത്ഥ ബാധിതരെ കൂടാതെ മറ്റു ചിലരും പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിട്ടുണ്ട്. കേസിൽ വാദം തുടരുകയാണെന്ന് കോടതി വ്യക്തമാക്കി.

നസീർനഗറിലെ പൊളിക്കൽ നടപടി നിയമവിരുദ്ധമാണെന്ന് നേരത്തെ തന്നെ ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പൊളിക്കൽ അന്യായമാണെന്ന് തെളിഞ്ഞാൽ ദുരിതബാധിതരെ പുനരവധിക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തവും അതിന്റെ ചെലവും സർക്കാരിനായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ഇതിനുള്ള തുക ബാധിതരിൽ നിന്ന് ഈടാക്കാൻ കഴിയില്ലെന്നും കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പങ്ക് അന്വേഷിക്കാൻ നിയോഗിച്ച ഉന്നതതല സമിതി സെപ്റ്റംബർ 18-നകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - 'നല്ല വീടുകൾ കാണിച്ച് ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ നൽകി പറ്റിച്ചു'; 'ബുൾഡോസർ രാജി'ൽ വീട് നഷ്ടപ്പെട്ടവർ ഗുജറാത്ത് ഹൈക്കോടതിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.