മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിഡിയോയിലെ ദൃശ്യം
'മുസ്‍ലിം പേര് പറഞ്ഞപ്പോൾ ക്രൂരമായ മർദനം നേരിട്ടു'; ഡൽഹി പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിത മാധ്യമപ്രവർത്തകർ
ന്യൂഡൽഹി: ഡൽഹി പൊലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിത മാധ്യമപ്രവർത്തകർ. ഡൽഹിയിൽ മുഖ്യമന്ത്രി രേഖ ഗുപ്തിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങിൽ ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ തങ്ങൾക്ക് ഡൽഹി പൊലീസിന്റെ ക്രൂരമായ അതിക്രമം നേരിടേണ്ടി വന്നെന്ന് വനിതാ മാധ്യമപ്രവർത്തകർ വെളിപ്പെടുത്തി. പ്രമുഖ യൂട്യൂബ് വാർത്താ ചാനലായ '4pm ന്യൂസ് നെറ്റ്‌വർക്കി'ന് വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയ ശാഹിൻ ഖാൻ, കാമറാപേഴ്സൺ നഫീസ ഖാൻ എന്നിവർക്കാണ് സാകേത് പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റത്. തങ്ങളുടെ മതം തിരിച്ചറിഞ്ഞതോടെ പൊലീസുകാർ കൂടുതൽ ക്രൂരമായി പെരുമാറുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോ റിപ്പോർട്ട് ശാഹിൻ ഖാൻ പുറത്തുവിട്ടു.
ചോദ്യം ചോദിച്ചതിന്റെ പേരിൽ തങ്ങളെ ബലമായി വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് സാകേത് സ്റ്റേഷനിൽ നിന്നു ചിത്രീകരിച്ച ലൈവ് വിഡിയോയിൽ ശാഹിൻ പറയുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് പേര് ചോദിച്ചപ്പോൾ 'ഖാൻ' എന്ന് പറഞ്ഞതിനെത്തുടർന്ന്, തങ്ങളുടെ മതം തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദനത്തിന്റെ കാഠിന്യം കൂട്ടുകയായിരുന്നുവെന്നാണ് ആരോപണം. ലാത്തി കൊണ്ടുള്ള അടികൊണ്ട് കൈകളിൽ തടിപ്പുകൾ വീണ ശാഹിന്റെ ദൃശ്യങ്ങളും, അവശനിലയിൽ നടക്കാൻ പോലും കഴിയാതെ ബോധരഹിതയായി വീഴുന്ന നഫീസയുടെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. പിന്നീട് സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചാണ് നഫീസയെ പൊലീസ് സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോയത്.
ഡൽഹി സർക്കാരിനും മുഖ്യമന്ത്രി രേഖാ ഗുപ്തക്കുമെതിരെ തുടർച്ചയായി വാർത്തകൾ നൽകിയിരുന്നതിന്റെ വിരോധമാണോ ഈ പൊലീസ് അതിക്രമത്തിന് പിന്നിലെന്ന് എഡിറ്റർ ഇൻ ചീഫ് സഞ്ജയ് ശർമ്മ ചോദിച്ചു. ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് മുതലാണ് കുറ്റകൃത്യമായി മാറിയതെന്നും, മാധ്യമപ്രവർത്തകരുടെ പേരിൽ 'ഖാൻ' എന്നുള്ളത് മർദ്ദിക്കാനുള്ള കാരണമാണോ എന്നും അദ്ദേഹം എക്‌സിലൂടെ തുറന്നടിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദേശപ്രകാരം വനിതാ പൊലീസുകാർ അടങ്ങുന്ന സംഘം തങ്ങളെ ഒരു പ്രത്യേക മുറിയിലേക്ക് മാറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ വെളിപ്പെടുത്തി. സംഭവത്തെ ഡിജിപബ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് അടക്കമുള്ള പ്രമുഖ മാധ്യമ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ശക്തമായി അപലപിച്ചു. പൊലീസുകാർക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഡൽഹി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.