ഹിമന്ത ബിശ്വ ശർമ

ലവ് ജിഹാദ് കേസിൽ പുരുഷന്മാരുടെ മാതാപിതാക്കളെയും അറസ്റ്റുചെയ്യും; ബഹുഭാര്യത്വത്തിന് ഏഴു വർഷം തടവ് -അസം മുഖ്യമന്ത്രി

ഗുവാഹതി: ലവ് ജിഹാദ് കേസിൽ പ്രതികളായ പുരുഷന്മാരുടെ മതാപിതാക്കളെയും അറസ്റ്റുചെയ്യാനുള്ള നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ. അസ്സമിലെ ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിൽ ഈ നിയമവും ചേർത്തതായി മുഖ്യമന്ത്രി അറിയിച്ചു.

ബഹുഭാര്യത്വവും ലവ് ജിഹാദും തടയുന്നതിനായി അടുത്ത നിയമ സഭാ സമ്മേളനത്തിൽ പുതിയ ബിൽ​ കൊണ്ടുവരുമെന്ന് ഈയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

‘ലവ് ജിഹാദിന്റെയും ബഹുഭാര്യത്വത്തിന്റെയും കെണിയിൽ നിന്നും നമ്മുടെ സ്ത്രീകളെ രക്ഷിക്കുന്നതിനായി ശക്തമായ നിയമം കൊണ്ടുവരികയാണ്. പുതിയ നിയമ പ്രകാരം ലവ് ജിഹാദ് കേസിൽ പ്രതിചേർക്കുന്ന പുരുഷന്മാരുടെ മാതാപിതാക്കളെയും കുറ്റക്കാരെന്ന് കണ്ടെത്തി അറസ്റ്റു ചെയ്യും’ -അസമിലെ കചാർ ജില്ലയിലെ ലഖിപൂരിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്തുകൊണ്ട് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ബഹുഭാര്യത്വത്തെ കർശന നടപടികളിലൂടെ നേരിടുമെന്നും വ്യക്തമാക്കി. ഒന്നിലേറെ വിവാഹം കഴിച്ചാൽ പുതിയ നിയമ പ്രകാരം ഏഴു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.

മൂന്നിലേറെ കുട്ടികളുണ്ടായാൽ അവർക്ക് സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കില്ല -അദ്ദേഹം പറഞ്ഞു.

വിദ്വേഷ പരാമർശങ്ങളിൽ കുപ്രസിദ്ധനായ മുഖ്യമന്ത്രി കുട്ടികളുടെ പേരിൽ മുസ്‍ലിം സമുദായത്തിനെതിരെയും കടുത്ത വിമർശനമുയർത്തി.

‘ചിലർ പറയുന്നത് അള്ളാഹു കുട്ടികളെ നൽകുന്നതിനാൽ പ്രസവം നിർത്താൻ കഴിയില്ല എന്നാണ്. എന്നാൽ, ഞാൻ പറയുന്നത് നിങ്ങൾ ഇഷ്ടമുള്ളത്രയും കുട്ടികളെ പ്രസവിക്കൂ, പക്ഷേ അവരെ വളർത്തുന്നതിനോ സ്കൂളുകളിൽ അയയ്ക്കുന്നതിനോ സർക്കാർ സഹായം പ്രതീക്ഷിക്കരുത്’ -ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

നേരത്തെയും വിവിധ പ്രസ്താവനകളിലൂടെ ഹിമന്ത വിദ്വേഷം പടർത്തിയിരുന്നു. ലവ് ജിഹാദ് മുതൽ ലാൻഡ് ജിഹാദ് വരെ നമ്മൾ നേരിടുന്നുവെന്നായിരുന്നു സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. 

Tags:    
News Summary - 'Love Jihad' Will Have Provisions to Arrest Parents of Male Accused: Assam CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.