ന്യൂഡൽഹി: ലവ് ജിഹാദാണ് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അത് ഉടൻ നിർത്തണമെന്ന പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പൊലീസ് സുപ്രണ്ടുമാരുടെ കൺവെൻഷന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളും മുസ്‍ലിംകളും സഹവർതിത്വത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. എന്നാൽ, ലവ് ജിഹാദ്, നിർബന്ധിത മതംമാറ്റം എന്നിവയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ നിർബന്ധിതമായി മതംമാറ്റി വിവാഹം നടത്തുന്ന സംഭവങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‍ലിം പുരോഹിതന് ഹിന്ദു-മുസ്‍ലിം വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല. ഇതു പോലെ തന്നെ ഹിന്ദു പുരോഹിതനും നിയമപരമായി ഇത് ചെയ്യാനാവില്ല. വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മതംമാറാതെ തന്നെ വിവാഹം കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലവ് ജിഹാദ് ഉൾപ്പടെയുള്ളവയെ കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞ് മനസിലാക്കണം. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവർ വിവാഹം കഴിക്കുമ്പോൾ ഇരു വിഭാഗത്തിൽ നിന്നുള്ളവർക്കും പരസ്‍പരം പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ബാലവിവാഹങ്ങൾ തടയുന്നതിനുള്ള കർശന നടപടിയുണ്ടാകും. അസമിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.