വികസനകാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് നോക്കണമെന്ന് നാഗ്പൂരിൽ പ്രധാനമന്ത്രി മോദി

ഗല്‍ഫ് രാജ്യങ്ങളുടെ വികസന മാതൃക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗള്‍ഫ് രാജ്യങ്ങളും സിംഗപ്പൂരും അടക്കമുള്ളവ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയത് അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധയോടെ നിക്ഷേപം നടത്തിയതുകൊണ്ടാണെന്ന് മോദി ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയത്തില്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നതുകൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകാന്‍ പോകുന്നില്ല. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണംചെയ്ത് വികസനം ഉറപ്പാക്കുന്നതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണം അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനമാണ് വികസനത്തിന്റെ അടിസ്ഥാന ഘടകം. ദക്ഷിണ കൊറിയ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് വന്‍ മുന്നേറ്റം നടത്തിയത്. കവിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ മേഖലയില്‍ നടത്തിയ ആധുനികവത്കരണമാണ് ഗള്‍ഫ് രാജ്യങ്ങളെ പുരോഗതിയുടെ മുന്‍പന്തിയിലെത്തിച്ചത്.

അടിസ്ഥാന സൗകര്യ വികസനവും ശരിയായ സാമ്പത്തിക നയങ്ങളുമാണ് സിംഗപ്പൂരിന്റെ വികസന കുതിപ്പിനുപിന്നില്‍. സാധാരണ ദ്വീപ് രാഷ്ട്രമായിരുന്ന സിംഗപ്പൂര്‍ ഇന്ന് സാമ്പത്തിക രംഗത്തെ വലിയ ശക്തിയാണ്. കുറുക്കുവഴി രാഷ്ട്രീയവും നികുതി നൽകുന്നവരുടെ പണം മോഷ്ടിക്കലുമാണ് നടന്നിരുന്നതെങ്കില്‍ അവർക്ക് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മുമ്പ് ഇന്ത്യയിലെ അവസ്ഥ മറിച്ചായിരുന്നു. അഴിമതി നടത്തുന്നതിനും വോട്ട് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുമാണ് മുമ്പ് നികുതിദായകരുടെ പണം വിനിയോഗിച്ചിരുന്നതെന്ന് മോദി പറഞ്ഞു. 

Tags:    
News Summary - look at Gulf countries for development; PM Modi in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.