ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം അടുത്തമാസം പകുതിയോടെ മാത്രം. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പു കമീഷൻ നടത്തിവരുന്ന സംസ്ഥാന സന്ദർശനങ്ങൾ മാർച്ച് 13 വരെ നീളും. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിവിധ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങിയേക്കും. കർഷകസമരം അവസാനിപ്പിക്കാനുള്ള വഴി തെളിയാതെ തെരഞ്ഞെടുപ്പിലേക്ക് പോകാൻ കഴിയില്ലെന്ന രാഷ്ട്രീയ പ്രശ്നം ബി.ജെ.പിക്കും മുന്നിലുണ്ട്.

ഈ സാഹചര്യങ്ങൾക്കിടയിൽ 15നു മുമ്പായി പ്രഖ്യാപനം നടത്താനാണ് സാധ്യത. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് മാർച്ച് 10നാണ്. ഏപ്രിൽ 11ന് തുടങ്ങി മേയ് 19 വരെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 2014ൽ പ്രഖ്യാപനം നടന്നത് മാർച്ച് അഞ്ചിനാണ്. ഏപ്രിൽ ഏഴുമുതൽ 12 വരെ ഒമ്പതു ഘട്ടമായി വോട്ടെടുപ്പ് നടന്നു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവെന്ന വിലയിരുത്തലിൽ വോട്ടെടുപ്പ് ഏതാനും ആഴ്ച നേരത്തേയാക്കാൻ ബി.ജെ.പിക്ക് ആലോചനയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി കടന്നുവന്ന കർഷക സമരവും അനിഷ്ട സംഭവങ്ങളും ചിന്താഗതി മാറ്റി.

കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരുമായി ചർച്ച നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിൽ കമീഷൻ സംഘം ചെന്നൈയിൽ എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ തയാറെടുപ്പുകളെക്കുറിച്ച് വിവിധ സർക്കാർ വിഭാഗങ്ങളുമായുള്ള ചർച്ചകളും ഇതിനൊപ്പം നടക്കും. പശ്ചിമ ബംഗാൾ, യു.പി എന്നിവിടങ്ങൾകൂടി പിന്നിട്ട് ജമ്മു- കശ്മീരിൽ മാർച്ച് 13ന് അവലോകനയോഗം നടത്താനാണ് കമീഷന്‍റെ ഒരുക്കം.

97 കോടിയോളം പേർക്കാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ആറു ശതമാനം കൂടുതലാണിത്. ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.

Tags:    
News Summary - Lok Sabha election announcement in mid-March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.