അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ന്യൂഡൽഹിയിൽ പ്രസിഡന്റ് മൗലാനാ അസ്ഗർ അലി ഇമാം മഹ്ദി സലഫി ഉദ്ഘാടനം ചെയ്യുന്നു

വോട്ട് ഫലപ്രദമായി വിനിയോഗിക്കാൻ ഇടപെടുമെന്ന് അഹ്‌ലെ ഹദീസ്

ന്യൂഡൽഹി: ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ വോട്ട് വിനിയോഗിക്കാൻ മുസ്‌ലിം ന്യൂനപക്ഷത്തോട് ആവശ്യപ്പെട്ട അഹ്‌ലെ ഹദീസ് ശൂറ ഇതിനായി ഓരോ സംസ്ഥാനത്തും ആവശ്യമായ ഇടപെടൽ നടത്താൻ കേന്ദ്ര ശൂറാ അംഗങ്ങൾക്ക് നിർദേശം നൽകി. വോട്ടുകൾ ഭിന്നിച്ചു മതേതര കക്ഷികൾ പരാജയപ്പെടുന്ന അവസ്‌ഥ ഇല്ലാതാക്കാൻ ശ്രദ്ധിക്കണമെന്നും ഓഖ്‍ല അഹ്‌ലെ ഹദീസ് കോംപ്ലക്സിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിം ന്യുനപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ തിരിച്ചറിയണമെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു. മുസ്‌ലിം നാമാധാരികളെയും ദുർബല കൂട്ടായ്‌മകളേയും ഉപയോഗിച്ച് കൊണ്ടാണ് മുസ്‍ലിം സംഘടിത ഇടപെടൽ തകർക്കാൻ ശ്രമിക്കുന്നതെന്നും രാജ്യം പൊതു തെരെഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അഹ്‌ലെ ഹദീസ് ശൂറ മുന്നറിയിപ്പ് നൽകി.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസം നശിപ്പിക്കാനുള്ള ശ്രമം ജനാധിപത്യ മാർഗത്തിൽ പ്രതിരോധിക്കണമെന്ന് അഹ്‌ലെ ഹദീസ് ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ വെല്ലുവിളി നേരിടുന്ന മുസ്‍ലിം ന്യുനപക്ഷം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ അഹ്‌ലെ ഹദീസ് ആഹ്വാനം ചെയ്തു.

സി.എ.എ, ഏക സിവിൽ കോഡ്, ആൾകൂട്ട അക്രമങ്ങൾ എന്നിവ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കങ്ങളാണ്. ഗ്യാൻ വ്യാപി പ്രശ്നവും വോട്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണണം. രാജ്യത്തെ മസ്ജിദുകളെ കോടതി കയറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം അപമാനമാണ്. വികാരം ഇളക്കി വിട്ട് മുസ്‍ലിം ന്യൂനപക്ഷത്തെ ദുർബലമാക്കാനുള്ള ശ്രമങ്ങളെ വർഗീയത കൊണ്ടോ തീവ്രവാദം കൊണ്ടോ നേരിടാൻ കഴിയില്ലെന്ന് മനസ്സിലാക്കണം. നിരപരാധികളായ ഫലസ്തീൻ ജനതയുടെ മേൽ ഇസ്രായേൽ ചെയ്യുന്ന കൊടുംക്രൂരതയിൽ ശൂറ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. ലോകം ഈ കൊടുംക്രൂരത കണ്ട് നിൽക്കുന്നത് അത്യന്തം അപഹാസ്യമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

അഹ്‌ലെ ഹദീസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മൗലാനാ അസ്ഗർ അലി ഇമാം മഹ്ദി സലഫി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാൻ ഫറയ് വാഈ അധ്യക്ഷത വഹിച്ചു. മൗലാനാ ഹാറൂൻ സനാബിലി, മൗലാനാ വകീൽ പർവേസ്, കെ.എൻ.എം സംസ്ഥാന സെക്രട്ടറിയും അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ അംഗവുമായ ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, മൗലാനാ ശമീം അക്തർ നദ്‌വി, ഹാഫിസ് ശകീൽ അഹ്മദ് മീററ്റ്, മൗലാനാ മുഹമ്മദ് അലി, ഖുർഷിദ് ആലം മദനി, ഹാഫിസ് യൂസഫ്, അബ്ദുൽ ഹഫീസ്, മൗലാനാ ഇക്ബാൽ, ഹാഫീസ് അബ്ദുൽ ഖയ്യും, റിയാദ് അഹ്‌മദ്‌ സലഫി എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Lok sabha Election 2024: Ahle Hadith will intervene to effectively use vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.