ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഏറക്കുറെ ഒറ്റപ്പെട്ട നിലയിലായ ലോക്സഭ മണ്ഡല പുനർനിർണയ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷം. ദക്ഷിണേന്ത്യയുടെ മണ്ഡലങ്ങൾ കുറയുമോ എന്നതല്ല, ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമിടയിലുള്ള ലോക്സഭ സീറ്റുകളുടെ അനുപാതം നിലവിലെ രീതിയിൽ തുടരുമോ എന്നതാണ് വിഷയമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
പുതിയ സെൻസസിനുശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്ന് പറഞ്ഞപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രമാതീതമായി വർധിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നത് അമിത് ഷായുടെ തന്ത്രമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ദക്ഷിണേന്ത്യയുടെ മണ്ഡലങ്ങൾ കുറയുമോ എന്നതല്ല, ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമിടയിൽ ലോക്സഭ സീറ്റുകളുടെ അനുപാതം തുടരുമോ എന്നതാണ് വിഷയമെന്ന് ഡി.എം.കെ വ്യക്തമാക്കി.
കുടുംബാസൂത്രണം നടപ്പാക്കി ജനന നിരക്ക് കുറച്ച് ജനസംഖ്യ നിയന്ത്രണത്തിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കുടുംബാസൂത്രണം നടപ്പാക്കാത്ത, ജനന നിരക്ക് കുറക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും ലോക്സഭ സീറ്റുകളുടെ അനുപാതത്തിൽ എന്തു സംഭവിക്കുമെന്നാണ് അമിത് ഷാ പറയേണ്ടിയിരുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ പറഞ്ഞു. ‘പ്രോ റേറ്റ’(ആനുപാതിക) അടിസ്ഥാനത്തിലായിരിക്കും സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയമെന്നുപറയുന്ന അമിത് ഷായും ബി.ജെ.പിയും ഈ ‘പ്രോ റേറ്റ’ക്ക് അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ എന്താണെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും തമിഴ്നാടിനോടും വ്യക്തമാക്കാൻ ബാധ്യസ്ഥമാണ്.
സെൻസസിലെ പുതിയ ജനസംഖ്യ അടിസ്ഥാനമാക്കിയായിരിക്കുമോ അതല്ല, ഓരോ സംസ്ഥാനങ്ങളിലും നിലവിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമോ ‘പ്രോ റേറ്റ’ എന്നതാണ് ചോദ്യം. നിലവിലെ മണ്ഡലങ്ങളുടെ എണ്ണം ദക്ഷിണേന്ത്യയിൽ കുറയില്ലെന്ന് അമിത് ഷാ പറയുമ്പോൾ ഉത്തർപ്രദേശിലും ബിഹാറിലും മണ്ഡലങ്ങൾ കൂടില്ല എന്നർഥമില്ലെന്ന് രാജ പറഞ്ഞു. മണ്ഡലങ്ങൾ കുറയുന്നോ കൂടുന്നോ എന്നതല്ല, സംസ്ഥാനങ്ങളുടെ തുല്യതയും വിഹിതവുമാണ് പ്രശ്നം. നിലവിലെ പ്രാതിനിധ്യത്തിന് ആനുപാതിക വർധനയാണ് വേണ്ടതെന്ന് രാജ കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയത്തിൽ പാർലമെന്റിൽ തങ്ങളുടെ ആശങ്ക പരസ്യമായി പ്രകടിപ്പിച്ച ആന്ധ്രപ്രദേശ് ഭരണകക്ഷിയും ബി.ജെ.പി ഘടകകക്ഷിയുമായ തെലുഗുദേശം പാർട്ടി അമിത് ഷായുടെ പുതിയ പ്രസ്താവനക്കുശേഷവും നിലപാട് മാറ്റിയിട്ടില്ല.
ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങൾക്ക് മാത്രമായി 155 ലോക്സഭ മണ്ഡലങ്ങളുടെ വർധനവുണ്ടാകുമ്പോൾ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടി കേവലം 35 ലോക്സഭ മണ്ഡലങ്ങൾ മാത്രമാണ് അധികം ലഭിക്കുക എന്ന് ഓർമിപ്പിച്ചാണ് തെലുഗുദേശം നേതാവ് യവു കൃഷ്ണ ദേവരായലു പാർലമെന്റിൽ തന്റെ പാർട്ടിയുടെ ആശങ്ക പ്രകടിപ്പിച്ചത്.
നിലവിൽ ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങൾക്കാകെ 169 ലോക്സഭ സീറ്റുകളാണുള്ളതെന്നും 155 സീറ്റുകൾകൂടി ചേരുമ്പോൾ 324 ആയി വർധിക്കുമെന്നും തെലുഗുദേശം എം.പി ചൂണ്ടിക്കാട്ടി. മറുഭാഗത്ത് ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങൾക്കാകെ നിലവിലുള്ളത് 169 സീറ്റുകളാണ്. എന്നാൽ, കേവലം 35 സീറ്റുകൾ മാത്രം വർധിക്കുമ്പോൾ ആകെ 204 ലോക്സഭ മണ്ഡലങ്ങളേ ഉണ്ടാകൂവെന്നും സർക്കാറിനെ തെലുഗുദേശം ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.