ന്യൂഡൽഹി: പ്രയാഗ് രാജ് മഹാകുംഭമേളയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച ശേഷം പ്രതിപക്ഷ നേതാവിനെ സംസാരിക്കാനും പ്രതിപക്ഷത്തിന് ചോദ്യങ്ങളുന്നയിക്കാനും അവസരം നൽകാത്തതിനെ ചൊല്ലിയുള്ള ബഹളത്തിൽ ലോക്സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു. റെയിൽവേ ചർച്ച തുടരാനാകാതെ ആദ്യം ഒന്നു വരെ നിർത്തിവെച്ച ലോക്സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ നിർത്തിവെക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ചർച്ചക്ക് മറുപടി പറഞ്ഞു. പ്രധാനമന്ത്രി സംസാരിച്ചുകഴിഞ്ഞയുടൻതന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാനായി അനുവാദം ചോദിച്ചെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.
സഭാ ചട്ട പ്രകാരം മന്ത്രിക്കും പ്രധാനമന്ത്രിക്കും പ്രസ്താവന നടത്താൻ അവകാശമുണ്ടെന്നും അതിന്മേൽ ചോദ്യങ്ങളുന്നയിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. സഭാ നേതാവോ പ്രതിപക്ഷ നേതാവോ സംസാരിക്കാൻ എഴുന്നേറ്റുനിന്നാൽ അവരെ വിളിക്കണമെന്ന കീഴ്വഴക്കം തെറ്റിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. എന്നിട്ടും അനുവദിക്കാതിരുന്നതോടെ പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി സഭാ നടപടികൾ സ്തംഭിപ്പിക്കുകയായിരുന്നു.
ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമായിരുന്നെന്നും എന്നാൽ, പുതിയ ഇന്ത്യയിൽ അനുവാദം ലഭിക്കില്ലെന്നും സഭ നിർത്തിവെച്ച ശേഷം പുറത്തിറങ്ങി വന്ന രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രയാഗ് രാജിൽ ജനുവരി 29നുണ്ടായ തിരക്കിൽപ്പെട്ട് മരിച്ചവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കണമായിരുന്നെന്ന് രാഹുൽ പറഞ്ഞു. കുംഭമേള നമ്മുടെ പാരമ്പര്യവും ചരിത്രവും സംസ്കാരവുമാണെന്ന് മോദി പറഞ്ഞത് താനും അംഗീകരിക്കുന്നെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.