കർണാടകയിലെ 11 ജില്ലകളിൽ ലോക്ക് ഡൗൺ 21വരെ നീട്ടി; ബംഗളൂരുവിലടക്കം തിങ്കളാഴ്ച മുതൽ 'അൺലോക്ക്'

ബംഗളൂരു: കോവിഡ്​ സ്ഥിരീകരണ നിരക്ക് കുറയാത്ത 11 ജില്ലകളിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാനും മറ്റു ജില്ലകളിൽ തിങ്കളാഴ്ച മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെതുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 14ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്.

ജൂൺ 14 മുതൽ ബംഗളൂരു അർബൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 20 ജില്ലകളിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുണ്ടാകും. ആദ്യഘട്ട അൺലോക്കായിരിക്കും തിങ്കളാഴ്ച മുതൽ ഈ ജില്ലകളിൽ നടപ്പാക്കുക. ജൂൺ 21വരെയാണ് ഈ ജില്ലകളിൽ കൂടുതൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഒരോ ഘട്ടം ഘട്ടം ആയിട്ടായിരിക്കും അൺലോക്ക് നടപ്പാക്കുക.

ഇപ്പോഴത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്നും ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവൻഗരെ, മൈസൂരു, ചാമരാജ്നഗർ, ഹാസൻ, ദക്ഷിണ കന്നട, ബംഗളൂരു റൂറൽ, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂൺ 21വരെ ലോക്ക് ഡൗൺ നീട്ടിയത്.

കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗർ തുടങ്ങിയ ജില്ലകളിലും ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ താഴെ എത്തിക്കുന്നതുവരെ 11 ജില്ലകളിലും കർശന നിയന്ത്രണം തുടരാനും പരിശോധന കൂട്ടാനുമാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിർദേശം നൽകിയത്. രോഗ സ്ഥിരീകരണ നിരക്ക് കുറയാത്ത സംസ്ഥാനത്തെ ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യാഴാഴ്ച യോഗം ചേർന്നു.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ എത്തിക്കാനാവശ്യമായ നിയന്ത്രണങ്ങൾ തുടരണമെന്ന് യെദിയൂരപ്പ പറഞ്ഞു. കർശന നിയന്ത്രണങ്ങളെ തുടർന്നാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറഞ്ഞതെന്നും എന്നാൽ ചില ജില്ലകളിൽ മാത്രം വിചാരിച്ചപോലെ കുറയുന്നില്ലെന്നും യെദിയൂരപ്പ പറഞ്ഞു. ഗ്രാമീണ മേഖലയിലും വ്യാപനം തുടരുന്നത് ആശങ്കയുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അൺലോക്ക്-1

ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ അതുപോലെ നിലനിർത്തികൊണ്ടാണ് കൂടുതൽ ഇളവുകൾ നടപ്പാക്കുക. 21വരെ പൊതുഗതാഗതം ഉണ്ടാകില്ല. ഹോട്ടലുകളിൽ പാർസൽ സംവിധാനം തുടരും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ആറു മുതൽ രണ്ടുവരെ തുറക്കാം.

ലോക്ക്ഡൗണിൽ രാവിലെ പത്തുവരെ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. കെട്ടിട നിർമാണ പ്രവൃത്തി തുടരാം. രണ്ടു യാത്രക്കാരുമായി ഒാട്ടോ, ടാക്സി സർവീസുകൾ നടത്താം. പ്രഭാത സവാരിക്കായി രാവിലെ അഞ്ചു മുതൽ പത്തുവരെ പാർക്കുകൾ തുറക്കാം. തെരുവു കച്ചവടക്കാർക്ക് രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടുവരെ കച്ചവടം നടത്താം.

ബി.എം.ടി.സി, മെട്രോ ട്രെയിൻ സർവീസ് ജൂൺ 21വരെ ഉണ്ടാകില്ല. വ്യവസായ സ്ഥാപനങ്ങൾ 50ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഗാർമൻറ് ഫാക്ടറികൾ 30ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഇളവുകളുള്ള ജില്ലകളിൽ തിങ്കളാഴ്ച മുതൽ രാത്രി ഏഴു മുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂ ഉണ്ടാകും. വെള്ളിയാഴ്ച രാത്രി ഏഴു മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെ വാരാന്ത്യ കർഫ്യൂ ഉണ്ടാകും. മറ്റു നിയന്ത്രണങ്ങളെല്ലാം നേരത്തെയുള്ളതുപോലെ തുടരും. 

Tags:    
News Summary - Lockdown extended in 11 districts of Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.