ന്യൂഡല്‍ഹി: രാജ്യമാകെ മേയ് 31 വരെ ലോക്ഡൗൺ നീട്ടി കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചുവപ്പും ഓറഞ്ചും പച്ചയും സോണുകള്‍ ഏതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്കി. നാലാം ഘട്ട ലോക്ഡൗണിൽ പൊതുഗതാഗത സേവനങ്ങള്‍ക്കും അന്തര്‍സംസ്ഥാന ബസുകള്‍ക്കും അനുമതി നല്കി. ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വിസുകള്‍ക്കും മെട്രോ െറയില്‍ സര്‍വിസിനും വിലക്ക് തുടരും. പകല്‍ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. എന്നാൽ, രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ ക്രിമിനല്‍ നടപടി ക്രമം 133 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തും. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഇതില്‍ നിന്നൊഴിവാകുക.
സ്കൂളുകളും ഹോട്ടലുകളും സിനിമ ഹാളുകളും ബാറുകളും ജിംനേഷ്യങ്ങളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. പകല്‍സമയത്ത് 10നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു. എന്നാല്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, 65ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അവശ്യ, ആരോഗ്യ സേവനങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇ-വ്യാപാരത്തിന് അനുമതി നൽകി. കൊറോണ വൈറസ് പടരുന്ന സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടിയത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് അതോറിറ്റി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം അടിസ്ഥാനമാക്കി വിവിധ സോണുകളാക്കി തിരിക്കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറയും കേന്ദ്ര സര്‍ക്കാറിെൻറയും മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാകണം സംസ്ഥാനങ്ങള്‍ വിവിധ സോണുകളാക്കി തിരിക്കേണ്ടത്. ഓറഞ്ച്, റെഡ് സോണുകള്‍ക്കകത്ത് കണ്ടെയ്ൻമെൻറ് സോണ്‍ ജില്ല ഭരണകൂടം തീരുമാനിക്കും. അവിടെ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. സ്പോര്‍ട്സ് കോംപ്ലക്സുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ തുറക്കാമെങ്കിലും കാണികളെ അനുവദിക്കില്ല.
യാത്ര വിമാനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും എയര്‍ ആംബുലന്‍സ് അടക്കമുള്ള ആരോഗ്യ സേവനങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളും വ്യോമമാര്‍ഗം അനുവദിക്കും. മെട്രോ െറയില്‍ സര്‍വിസ്, സ്കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വിദൂര വിദ്യാഭ്യാസ സമ്പ്രദായം പ്രോത്സാഹിപ്പിക്കും. ഹോട്ടലുകളും റസ്റ്റാറൻറുകളും തുറക്കാനാവില്ല. എന്നാല്‍, ഭക്ഷണം ഹോം ഡെലിവറിയായി നല്കാൻ കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കാം. ബസ് ഡിപ്പോകള്‍, െറയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ കാൻറീനുകളും തുറക്കും.
എല്ലാ മതങ്ങളുടെയും ആരാധന കേന്ദ്രങ്ങളും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിടണം. എല്ലാവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, അക്കാദമിക, വിനോദ സംഗമങ്ങളും വലിയ സമ്മേളനങ്ങളും വിലക്കി. സിനിമ ഹാളുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, വിനോദ പാര്‍ക്കുകള്‍, തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവക്ക് പ്രവർത്തനാനുമതിയില്ല. അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകളും പൊതു ഗതാഗതവും കണ്ടെയ്ൻമെൻറ് സോണുകളൊഴികെയുള്ളിടങ്ങളിലാണ് നിയന്ത്രണങ്ങളോടെ അനുവദിച്ചത്.
പുതിയ മാർഗ നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.