ഭോപാൽ: ലിവ്-ഇൻ റിലേഷൻ ബന്ധങ്ങൾക്കടക്കം പൂട്ടിടുന്ന നിർദേശങ്ങളുമായി ഏക സിവിൽകോഡ് ബിൽ മധ്യപ്രദേശ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ബഹുഭാര്യത്വം, മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിരോധിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ പക്ഷേ, പട്ടിക വർഗ വിഭാഗങ്ങൾക്ക് ബാധമകല്ല. നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെയാണ് ബിൽ അവതരിപ്പിച്ചത്.
ലിവ്–ഇൻ റിലേഷൻ ബന്ധം തുടങ്ങി ഒരുമാസത്തിനകം നിർബന്ധമായും റജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ രണ്ടുപേർക്കും മൂന്ന് മാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഈ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ മക്കൾ പദവി ലഭിക്കും. ലിവ് ഇൻ പങ്കാളി ബന്ധം ഉപേക്ഷിച്ചാൽ സാധാരണ വിവാഹത്തിലേത് പോലെ സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാം. വിവാഹം, ദത്ത്, വാടക ഗർഭധാരണം എന്നിവയിലൂടെ ജനിക്കുന്ന കുട്ടികൾക്കും തുല്യ നിയമപരിരക്ഷയും അനന്തരാവകാശവും നൽകണം. എല്ലാ മതവിശ്വാസികൾക്കും സമൂഹങ്ങൾക്കും ഏകഭാര്യത്വം നിർബന്ധമാക്കുന്ന ബില്ലിൽ, വിവാഹവും വിവാഹമോചനവും റജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്നുണ്ട്.
സർക്കാർ നിയമിച്ച മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷനായ സമിതിയാണ് സംസ്ഥാനത്തിന് വേണ്ടി ഏകീകൃത സിവിൽ കോഡിന്റെ കരട് തയാറാക്കിയത്. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലെ ഏക വ്യക്തിനിയമ മാതൃകകൾ പഠിച്ച ശേഷമാണ് മധ്യപ്രദേശ് കരട് തയാറാക്കിയതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബാംഗങ്ങളുടെയും ഭൂമിഇടപാട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചതിനെത്തുടർന്ന് ഇന്നലെ സഭ ബഹളത്തിൽ മുങ്ങിയിരുന്നു. ഇതേത്തുടർന്ന് വ്യക്തിനിയമ ബിൽ ഇന്ന് ചർച്ച ചെയ്യുമെന്നു സ്പീക്കർ നരേന്ദ്രസിങ് തോമർ അറിയിച്ചു.
സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ബിൽ അവതരണമെന്നാണ് ജഗദീഷ്പൂരിൽ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി അവകാശപ്പെട്ടത്. ‘മുസ്‍ലിംകൾക്കിടയിലെ 80 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും ബില്ലിനെ പിന്തുണക്കുന്നുണ്ട്. നിയമപ്രകാരം പുരുഷന്മാരുടെ വിവാഹ പ്രായം 21, സ്ത്രീകളുടേത് 18 ആയിരിക്കും. വിവാഹ രജിസ്ട്രേഷൻ നിർബന്ധമാണ്. സാമൂഹിക സൗഹാർദവും വനിത ശാക്തീകരണവും ദേശീയ ഐക്യവും ലക്ഷ്യമിടുന്ന ബില്ലിനെ എല്ലാ പാർട്ടികളും രാഷ്ട്രീയത്തിനതീതമായി പിന്തുണക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.