ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി) നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി തയാറാക്കിയ ദേശീയ ജനസംഖ്യാ പട്ടിക (എൻ.പി.ആർ) വഴി ശേഖരിച്ച രാജ്യത്തെ 119 കോടി ജനങ്ങളുടെ കുടുംബവിവരങ്ങൾ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികൾക്കും വിവര കൈമാറ്റത്തിനുണ്ടാക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘നാഷനൽ ഇന്റലിജൻസ് ഗ്രിഡ്’(നാറ്റ്ഗ്രിഡ്)മായി ബന്ധിപ്പിക്കുന്നു.
നേരത്തെ 10 കേന്ദ്ര ഏജൻസികൾക്ക് മാത്രം പ്രവേശിക്കാൻ കഴിയുമായിരുന്ന ‘നാറ്റ്ഗ്രിഡ്’ ഇപ്പോൾ ജില്ല പൊലീസ് സൂപ്രണ്ട് റാങ്ക് തൊട്ടുള്ള ഉദ്യോഗസ്ഥർക്കെല്ലാം പ്രാപ്യമാക്കിയതിനിടയിലാണ് എൻ.പി.ആറിലെ ഡേറ്റകൾ കൂടി അതുമായി ബന്ധിപ്പിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ തുടർന്ന് രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികൾക്ക് ഏകീകൃത ഡേറ്റാബേസിനായി ആരംഭിച്ച വിവര കൈമാറ്റ പ്ലാറ്റ് ഫോമായ നാറ്റ്ഗ്രിഡാണ് പൊലീസും അന്വേഷണ ഏജൻസികളും പൊതു - സ്വകാര്യ ഡേറ്റ ശേഖരണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.
ഒരു പൗരന്റെ ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, വിമാന യാത്ര വിവരങ്ങൾ, ബാങ്ക് രേഖകൾ, ഫാസ്ടാഗ്, ഇന്ത്യക്കാരുടെയും വിദേശികളുടെയും യാത്രാ വിവരങ്ങൾ, റെയിൽവേ വഴി യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ, വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും അവയുടെ വിലയിരുത്തലുകളും, ധനകാര്യ ഇന്റലിജൻസ് യൂനിറ്റ് നൽകുന്ന സംശയാസ്പദ ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ട് എന്നിവയെല്ലാം ശേഖരിച്ചു വെക്കുന്ന ‘നാറ്റ്ഗ്രിഡ്’ ഡിജിറ്റൽ പ്ലാറ്റ്ഫോം സംസ്ഥാന പൊലീസും ഉപയോഗിക്കണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.
എൻ.പി.ആറിൽ ശേഖരിച്ച വിവരങ്ങൾ നാറ്റ്ഗ്രിഡുമായി ബന്ധിപ്പിക്കുന്നതോടെ സംശയനിഴലിലുള്ള ഒരു വ്യക്തിയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദവിവരങ്ങളും ശേഖരിക്കാൻ പൊലീസിന് കഴിയും.
ഒരു കേസ് പോലുമില്ലാത്ത പൗരന്റെയും ഏറക്കുറെ എല്ലാ വിവരങ്ങളും അടങ്ങുന്ന ഡേറ്റ പൊലീസും സുരക്ഷാ ഏജൻസികളും കൈവശപ്പെടുത്തുന്നതിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമില്ലേ എന്ന് ചോദിച്ചപ്പോൾ നാറ്റ്ഗ്രിഡിൽ നിന്ന് എന്തിനാണ് ഈ വിവരങ്ങൾ തേടുന്നതെന്ന് അറിയിക്കണമെന്നും അക്കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.