അയോധ്യ സംഭാവന തട്ടിപ്പ്: സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചു, 45 ദിവസം പഴക്കമുള്ള ദൃശ്യങ്ങൾ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളി

ലഖ്‌നോ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകൾ കാണാതായ സംഭവത്തിൽ എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികളിൽ 45 ദിവസം പഴക്കമുള്ള ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുകയാണ്.

ക്രമക്കേട് നടന്നെന്ന് കരുതുന്ന സമയങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ തട്ടിപ്പുകാർ നീക്കിയതായും മാറ്റം വരുത്തിയതായും സംഘം കണ്ടെത്തി. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടാതെ, 45 ദിവസം വരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഫോറൻസിക് പരിശോധനയിലൂടെ കഴിയാവുന്നത്ര പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് എസ്.ഐ.ടി നീക്കം. ക്ഷേത്ര ജീവനക്കാരുടെ മൊഴികളിൽ നിരവധി വൈരുധ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ആറ് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എസ്.ഐ.ടി സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള നിർണായകഘട്ടത്തിലേക്ക് കടന്നത്. ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മാനേജ്മെന്‍റ്, ബാങ്ക് ജീവനക്കാർ എന്നിവരടക്കം 150ലേറെ പേരെ കേസിന്‍റെ ഭാഗമായി എസ്.ഐ.ടി ചോദ്യം ചെയ്തു. ക്ഷേത്രത്തിനായുള്ള സംഭാവനാ പെട്ടിയിൽനിന്ന് പണം എണ്ണുന്ന സമയത്ത് ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും സി.സി.ടി.വി കേന്ദ്രീകരിച്ച് എസ്.ഐ.ടി പരിശോധിക്കുന്നത്.

ട്രസ്റ്റ് ഓഫിസ് ഭാരവാഹി അനിൽ മിശ്ര, നിർമാണ സഹായി ഗോപാൽ റാവു എന്നിവരെ എസ്.ഐ.ടി സംശയിക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സംഭാവനയായി ലഭിച്ച 60 കിലോ വെള്ളിക്കട്ടികളും കാണാതായെന്ന വിവരവും പുറത്തുവന്നു. ക്ഷേത്രത്തിലെ രേഖകളിൽ ഇതിനെക്കുറിച്ച് വിവരമില്ല. വെള്ളിക്കട്ടികൾ ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ രേഖകൾ ഉണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ എന്ന സംഘടന പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും സംഭാവനകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരിയെ എസ്.ഐ.ടി ചോദ്യം ചെയ്തെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അന്വേഷണം പൂർത്തിയാകുന്നത് വരെ ട്രസ്റ്റ് ജീവനക്കാർ അയോധ്യ വിട്ട് പോകരുതെന്ന് എസ്ഐടി നിർദേശം നൽകിയിട്ടുണ്ട്. രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ കാണാതായെന്ന് ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2020 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ചത്. സംഘപരിവാറുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സന്യാസിമാരെയുമാണ് ട്രസ്റ്റിൽ ഉൾപ്പെടുത്തിയത്.

വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ഉന്നത നേതാവ് ചമ്പത് റായിയാണ് ജനറൽ സെക്രട്ടറി. സംഭവത്തിൽ ഇതുവരെ ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നു. രാമക്ഷേത്രം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ വിഷയമാണ്. അതേ രാമക്ഷേത്രത്തിൽനിന്ന് ദശലക്ഷക്കണക്കിന് രൂപയുടെ സംഭാവനകളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ ഒരു എഫ്‌.ഐ.ആർ പോലും ഇതുവരെ ഫയൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Limited CCTV footage poses hurdle to SIT probing Ram Temple Donation Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.