ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് വേണ്ട; ആറ് വര്‍ഷം പര്യാപ്തമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വര്‍ഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ എം.പിമാര്‍ക്കും എം.എൽ.എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായയാണ് ഹരജി നൽകിയത്. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

അയോഗ്യതാ കാലയളവ് തീരുമാനിക്കുന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ളതാണെന്നും അയോഗ്യതാ കാലാവധി യുക്തിസഹമായി പരിഗണിച്ച് സഭ തീരുമാനമെടുക്കാറുണ്ടെന്നും കേന്ദ്രം അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്. നിയമത്തിലെ 8(1)ാം വകുപ്പ് പ്രകാരം അയോഗ്യതാ കാലാവധി, ശിക്ഷിക്കപ്പെട്ട തീയതി മുതൽ ആറ് വർഷമോ, തടവ് ശിക്ഷ ലഭിച്ചാൽ മോചിതനായ തീയതി മുതൽ ആറ് വർഷമോ ആണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഒമ്പതാം വകുപ്പ് പ്രകാരം അഴിമതിക്കോ സംസ്ഥാനത്തോടുള്ള വിശ്വാസവഞ്ചനയോ കാരണം പിരിച്ചുവിട്ട പൊതുപ്രവര്‍ത്തകരെ പിരിച്ചുവിടല്‍ തീയതി മുതല്‍ അഞ്ച് വര്‍ഷം അയോഗ്യരാക്കും. ശിക്ഷകളുടെ ഫലം സമയബന്ധിതമായി പരിമിതപ്പെടുത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സുപ്രീംകോടതിക്ക് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കാന്‍ മാത്രമേ കഴിയൂ, ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്ന ആജീവനാന്ത വിലക്കില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു.

Tags:    
News Summary - Life Ban On Convicted Politicians Harsh, 6 Years Enough: Centre To Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.