ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ സഭയെ തെറ്റിദ്ധരിപ്പിച്ചതിൽ പ്രതിഷേധിച്ച് തങ്ങൾ ഇറങ്ങിപ്പോകുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ജോൺ ബ്രിട്ടാസിനോട് ചോദ്യവുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെട്ട് രാജ്യസഭ ചെയർമാൻ. ഇത് അംഗീകരിച്ച് ‘അവർ ഇറങ്ങിപ്പോകട്ടെ, ഞാൻ ചോദ്യം ചോദിക്കും’ എന്ന് പറഞ്ഞ് ബ്രിട്ടാസ് പ്രതിപക്ഷത്തെയും തള്ളി മുന്നോട്ടുപോയി.
ഖാർഗെക്ക് പിന്നിലായി പോകുന്ന ജയ്റാം രമേശിനെ പേര് വിളിച്ച് ‘താങ്കൾ പൊയ്ക്കോളൂ’ എന്ന് പറഞ്ഞ ധൻഖർ ബ്രിട്ടാസിനോട് ചോദ്യവുമായി മുന്നോട്ടുപോകാൻ വീണ്ടും ആവശ്യപ്പെട്ടു. ബ്രിട്ടാസ് അത് അനുസരിക്കുകയുംചെയ്തു. ഈ സമയത്ത് സി.പി.ഐ രാജ്യസഭാ നേതാവ് സന്തോഷ് കുമാറും എം.പി പി.പി. സുനീറും സി.പി.എം എം.പിമാരായ റഹീമും അടക്കമുള്ള ഇടതുപക്ഷ എം.പിമാരെല്ലാം ഇറങ്ങിപ്പോയെങ്കിലും ജോൺ ബ്രിട്ടാസ് മാത്രം സഭയിൽ ബാക്കിയായി.
മറ്റെല്ലാ പ്രതിപക്ഷ എം.പിമാരും ഇറങ്ങിപ്പോയ ശേഷം സഭയിൽ തുടർന്ന ബ്രിട്ടാസിനോട് അൽപനേരത്തേക്ക് നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിപ്പോകുന്നവരെ ധൻഖർ രൂക്ഷമായി വിമർശിക്കുകയുംചെയ്തു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാതെയാണ് പറയാനുള്ള എല്ലാ അവസരവും നൽകിയ ശേഷമുള്ള പ്രതിപക്ഷ എം.പിമാരുടെ ഇറങ്ങിപ്പോക്കെന്നും രാജ്യം ഇതു കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും ധൻഖർ പറഞ്ഞു. അതെല്ലാം കേട്ടുനിന്ന ബ്രിട്ടാസിനെ വീണ്ടും അനുബന്ധ ചോദ്യവുമായി മുന്നോട്ടുപോകാൻ ചെയർമാൻ അനുവദിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.