ലണ്ടൻ: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട രത്നവ്യാപാരി നീരവ് മോദിക്ക്, തന്നെ ബ്രിട്ടൻ ഇന്ത്യക്ക് കൈമാറുന്നതിനെതിരായ നിയമപോരാട്ടത്തിൽ തിരിച്ചടി. കേസിൽ യു.കെ സുപ്രീം കോടതിയെ സമീപിക്കുന്നതിൽനിന്ന് ലണ്ടൻ ഹൈകോടതി നീരവിനെ തടഞ്ഞു. പ്രോസിക്യൂഷൻ പ്രതികരണം ലഭിച്ച് ഒരാഴ്ചക്കകമാണ് കോടതിവിധിയുണ്ടായത്. ഇതോടെ, തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരായ നിയമപോരാട്ടം നടത്താനുള്ള നീരവിന്റെ സാധ്യതകൾ ഇരുളടഞ്ഞതായാണ് റിപ്പോർട്ട്. പുതിയ അപേക്ഷയുമായി ബന്ധപ്പെട്ട് കോടതി ചെലവിനത്തിൽ നീരവ് മോദി ഒന്നര ലക്ഷത്തിലേറെ പൗണ്ട് ( ഏകദേശം 1.53 കോടി രൂപ) നൽകണമെന്നും വിധിയുണ്ട്. കഴിഞ്ഞ മാസം ഇതേ കോടതി, മാനസികാരോഗ്യ പ്രശ്നവും ആത്മഹത്യ പ്രവണതയും കാണിച്ച് നീരവ് മോദി നൽകിയ അപ്പീൽ തള്ളിയിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പു നടത്തിയ കേസിൽ പ്രതിയായ നീരവ് മോദി 2018ലാണ് ഇന്ത്യ വിട്ടത്. 2019 മാര്‍ച്ചിൽ ലണ്ടനിലാണ് അറസ്റ്റിലായത്. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
പുതിയ ഉത്തരവോടെ, നാടുകടത്തലിനെതിരെ നീരവിന് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ (ഇ.സി.എച്ച്.ആർ) ഹരജി നൽകാനുള്ള സാധ്യതയാണ് ബാക്കിയാവുന്നത്. കോടതികളിൽ തനിക്ക് നീതിയുക്ത വിചാരണക്കുള്ള അവസരമുണ്ടായില്ല എന്ന് ഇവിടെ വാദിക്കാം. മനുഷ്യാവകാശത്തിനുള്ള യൂറോപ്യൻ ഉടമ്പടിയിൽ യു.കെ അംഗമായതുകൊണ്ട്, ഈ കോടതി ഇടപെടലുണ്ടായാൽ അത് യു.കെക്ക് ബാധകമാകും. ഇത്തരം സാധ്യതകൾ ബാക്കിയാവുന്നതുകൊണ്ട് നീരവിന്റെ നാടുകടത്തൽ ഉടൻ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഇന്ത്യയിൽ സി.ബി.ഐയും ഇ.ഡിയും നീരവിനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.