യു.പിയിൽ ഇടതുപാർട്ടികളുടെ 'സംപൂജ്യ' മത്സരം

പൊതുശത്രുവായ ബി.ജെ.പിയെ തോൽപിക്കണമെങ്കിൽ ഒന്നിച്ചുനിൽക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സംശയമില്ലെങ്കിലും, യു.പി തെരഞ്ഞെടുപ്പിൽ ഓരോരുത്തരും അവരവരുടെ വഴിക്ക്. അതു ബി.ജെ.പിയെ സഹായിക്കുകയാണ് എന്ന് തിരിച്ചറിയുമ്പോൾതന്നെ, വിട്ടുവീഴ്ചക്ക് ആരും തയാറല്ല. സമീപകാല തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരാളെയെങ്കിലും നിയമസഭയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീണ്ടുമൊരിക്കൽക്കൂടി 'സംപൂജ്യ'രാകാനുള്ള മത്സരത്തിൽതന്നെയാണ് ഇടതുപാർട്ടികൾ.

സി.പി.ഐയും സി.പി.ഐ-എം.എല്ലും സി.പി.എമ്മും മത്സരിക്കുന്നതുപോലും വെവ്വേറെയാണ്. ചിലയിടത്തെങ്കിലും പരസ്പര മത്സരവുമുണ്ട്. അനുഭാവികളുടെ എണ്ണമെടുക്കാനുള്ള മത്സരമാണ് നടത്തുന്നതെന്ന ആക്ഷേപമൊന്നും ഇതിനിടയിൽ വിഷയമല്ല. കാരണം, മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിയല്ല. തെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിക്കാനും സ്വന്തം ചിന്താധാരകൾ ജനങ്ങളിലെത്തിക്കാനുമാണ് ഈ പോരാട്ടമെന്ന് മൂന്നു കൂട്ടരും ഒരുപോലെ പറയും. അതിലേറെ, പ്രമുഖ പാർട്ടികൾ ഒപ്പം ചേർക്കാനുള്ള വിശാലമനസ്കത കാണിക്കാത്തതിലെ പ്രതിഷേധംകൂടിയാണ്.

സമാജ്‍വാദി പാർട്ടി നയിക്കുന്ന സഖ്യത്തിൽ ഉണ്ടാകണമെന്നായിരുന്നു താൽപര്യം. കോൺഗ്രസോ ബി.എസ്.പിയോ പരിഗണിച്ചാലും പ്രശ്നമായിരുന്നില്ല. സൈദ്ധാന്തിക നിഷ്ഠകൾ ഇത്രയേറെ മാറ്റിവെച്ചിട്ടും, ആർക്കുമുണ്ടായില്ല താൽപര്യം. സഖ്യമാകാമെങ്കിലും സീറ്റ് തരില്ലെന്ന നിലപാടാണ് സമാജ്‍വാദി പാർട്ടി അറിയിച്ചത്. ചുരുക്കം സീറ്റുകളെങ്കിലും വിട്ടുകൊടുക്കണമെന്ന് അഖിലേഷ് യാദവുമായി ബന്ധപ്പെട്ടവരെ വെവ്വേറെ കണ്ട് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടതാണ്. നിർണായകമായ തെരഞ്ഞെടുപ്പിൽ ഓരോ സീറ്റും പ്രധാനമായതിനാൽ, ഇത്തരത്തിൽ സീറ്റു വിട്ടുനൽകാൻ കഴിയില്ലെന്നായിരുന്നു നിലപാട്.

അത്തരം ചർച്ചകൾക്കൊടുവിലാണ് സ്വന്തംനിലക്ക് മത്സരിക്കാൻ ഓരോ ഇടതുപാർട്ടിയും തീരുമാനിച്ചത്. 403 സീറ്റിലും നിർത്താൻ സ്ഥാനാർഥികളില്ല. സി.പി.ഐ 35 സീറ്റിൽ മത്സരിക്കുന്നു. സി.പി.ഐ-എം.എൽ 11 സീറ്റിൽ. കഴിഞ്ഞ തവണ 25 സീറ്റിൽ ഒറ്റക്കു മത്സരിച്ച സി.പി.എം ഇക്കുറി മൂന്നിടത്ത്. സ്വന്തം സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥികളെ പിന്തുണക്കുമെന്നാണ് സി.പി.എം നിലപാട്. ജയസാധ്യത നോക്കി ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണക്കണമെന്നാണ് മറ്റു രണ്ടു പാർട്ടികളുടെയും നയം.

രണ്ടു പതിറ്റാണ്ടായി ഇടതുപാർട്ടികൾക്ക് യു.പി നിയമസഭയിൽ പ്രാതിനിധ്യമില്ല. 2002ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ രണ്ടു സ്ഥാനാർഥികൾ ജയിച്ചു. യു.പിയിൽ ഇടതുപാർട്ടികളിൽ വല്യേട്ടൻ സി.പി.ഐയാണ്. അവർക്കാകട്ടെ, 1999നുശേഷം എം.എൽ.എമാരില്ല. എന്നാൽ, യു.പിയിൽ ഇടതുസാന്നിധ്യം ശക്തമായിരുന്ന ഒരു കാലമുണ്ട്.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയിൽ ഇടതിനായിരുന്നു മേധാവിത്വം. നിരവധിയായ തൊഴിൽശാലകളിൽ പണിയെടുക്കുന്നവരെ നയിച്ചുവന്നത് ഇടതുപാർട്ടികളാണ്. പക്ഷേ, ജാതിരാഷ്ട്രീയത്തിന്റെയും പിന്നീട് വർഗീയരാഷ്ട്രീയത്തിന്റെയും കളിസ്ഥലമായി യു.പി മാറിയതോടെ ഇടതിന്റെ ശക്തി ചോർന്നു. 8.67 കോടി വോട്ടർമാരുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 68 മണ്ഡലങ്ങളിൽ നിന്നായി കിട്ടിയത് 1,38,764 വോട്ട് അഥവാ 0.16 ശതമാനം.  

Tags:    
News Summary - Left parties' 'zero' competition in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.