ന്യൂഡൽഹി: ഇറാനിൽ യു.എസ് നടത്തിയ ബോംബാക്രമണത്തെ ഇടതുപക്ഷ പാർട്ടികൾ അപലപിച്ചു. കേന്ദ്ര സർക്കാർ ഈ ആക്രമണത്തെ അപലപിക്കണമെന്ന് അസദുദ്ദീൻ ഉവൈസി മോദി സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെയുള്ള യു.എസ് ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അമേരിക്ക നമ്പർ വൺ തെമ്മാടി രാഷ്ട്രമാണെന്ന് ഇതിലൂടെ തെളിയിച്ചെന്ന് കുറ്റപ്പെടുത്തി. അന്തർദേശീയ നിയമങ്ങളുടെ കടുത്തലംഘനമാണിത്. ഇറാൻ ആണവായുധങ്ങളുണ്ടാക്കുന്നില്ലെന്ന യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് തള്ളിയാണ് ട്രംപ് ആക്രമണത്തിനുത്തരവിട്ടത്. ആക്രമണം ആഗോളതലത്തിൽ രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കും.
ലോകത്തെ മുഴുവൻ സമാധാനസ്നേഹികളും യു.എസ് ആക്രമണത്തെ അപലപിക്കണമെന്ന് സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു. ഇറാഖ്, ലിബിയ, സിറിയ എന്നീ രാജ്യങ്ങളെ നശിപ്പിച്ച ശേഷം യു.എസ് ഇപ്പോൾ നേരിട്ട് ഇറാനെ ആക്രമിച്ചിരിക്കുകയാണ്. യു.എസ് - ഇസ്രായേൽ അച്ചുതണ്ടിനെ ഇന്ത്യ ഒരിക്കലും പിന്തുണക്കരുതെന്നും ഭട്ടാചാര്യ ആവശ്യപ്പെട്ടു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും യു.എസ് നടപടിയെ അപലപിച്ചു.
യു.എസിന്റെ ഇറാൻ ആക്രമണത്തെ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.