മുംബൈ: പാക് അധീന കശ്മീരിലേതിന് സമാനമായ അനുഭവങ്ങളാണ് തനിക്ക് മുംബൈയിൽ നിന്നുണ്ടായതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. തെൻറ ഓഫീസും വീടും തകർക്കപ്പെടുകയും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്തുവെന്നും അതീവ ദുഃഖത്തോടെയാണ് മുംബൈ വിടുന്നതെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. സെപ്തംബർ 10നാണ് വൈ പ്ലസ് സുരക്ഷയോടെ കങ്കണ മുംബൈയിലെത്തിയത്.
''അതീവ ദുഃഖത്തോടെയാണ് മുംബൈ വിടുന്നത്. നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എെൻറ വീടും ഓഫീസും തകർക്കാനുള്ള ശ്രമവും ആയുധങ്ങളുമായി എെൻറ ചുറ്റിലുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം പാക് അധീന കശ്മീർ എന്ന ഉപമ ശരിവെക്കുന്നു''- കങ്കണ മുംബൈ വിടുന്നതിന് മുമ്പ് ട്വിറ്ററിൽ കുറിച്ചു.
ജനങ്ങൾ സന്തോഷത്തോടെയാണ് തന്നെ വരവേൽക്കുന്നതെന്ന് ഛണ്ഡീഗഡിൽ എത്തിയ താരം ട്വീറ്റ് ചെയ്തു. '' ഞാന്‍ രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ തോന്നുന്നത്. ഒരു അമ്മയുടെ സ്പര്‍ശനം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാന്‍ ജീവനോടെ തന്നെ ഇരിക്കുന്നുവെന്നത് ഭാഗ്യമാണ്. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണ്''- കങ്കണ ട്വീറ്റ് ചെയ്തു.
സുശാന്ത് സിങ് രജ്പുത്തുമായി ബന്ധെപ്പട്ട് 'മുംബൈ പാക് അധീനകശ്മീർ' ആയി മാറിയെന്ന കങ്കണയുടെ പരാമർശം വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പരാമർശത്തിൽ ശിവസേന നേതാക്കളും കങ്കണയും തമ്മിൽ തുറന്ന പോരും നടന്നു. അതിനിടെ അനധികൃത നിർമാണം എന്ന് ചൂണ്ടിക്കാട്ടി ബി.എം.സി അധികൃതർ കങ്കണയുടെ ഓഫീസ് ഭാഗികമായി പൊളിക്കുകയും ചെയ്തിരുന്നു. ബി.എം.സിയുടെ നടപടിക്കെതിരെ കങ്കണ ഹൈകോടതിയെ സമീപിക്കുകയും കോടതി പൊളിക്കലിന് സ്റ്റേ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.