നാഷനൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിരസിച്ച് കോടതി

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം സ്വീകരിക്കാൻ ഡൽഹി കോടതി വിസമ്മതിച്ചു. എന്നാൽ, കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഇ.ഡി അറിയിച്ചു.

ഇ.ഡി സമർപ്പിച്ച കുറ്റപത്രം ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുൻവിധിയോടെയുള്ള കുറ്റകൃത്യത്തിന്റെ എഫ്‌.ഐ.ആറിന്റെ അടിസ്ഥാനത്തിലല്ലെന്നും തൽഫലമായി, കുറ്റപത്രം സ്വീകരിക്കുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇതിനകം ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇ.ഡിയുടെ വാദങ്ങളുടെ മെറിറ്റ് പരിശോധിക്കുന്നത് അനവസരത്തിലാവുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിന്റെ പകർപ്പ് നൽകണമെന്ന് ഡൽഹി പൊലീസിനോട് നിർദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുകളും കോടതി റദ്ദാക്കി. എന്നിരുന്നാലും, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി പ്രതികളെ അറിയിക്കാമെന്ന് ജഡ്ജി വിധിച്ചു.

കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട്, നരേന്ദ്ര മോദി സർക്കാറിന്റെ നിയമവിരുദ്ധതയും അവരുടെ രാഷ്ട്രീയ പ്രേരിതമായ പ്രോസിക്യൂഷനും പൂർണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നുവെന്നും കോൺഗ്രസ്​ പറഞ്ഞു. 

നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് പ്രതികൾ എന്നിവർക്കെതിരെ ഇ.ഡിയുടെ പരാതിയിൽ ഒക്ടോബർ 3ന് ഡൽഹി പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാന്ധി കുടുംബത്തോടൊപ്പം, അന്തരിച്ച പാർട്ടി നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ എന്നിവർക്കെതിരെ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇ.ഡി കേസെടുത്തു.

നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ  2,000ത്തോളം കോടി രൂപയുടെ സ്വത്തുക്കൾ അവർ സ്വന്തമാക്കിയെന്നാണ് കേസിലെ ആരോപണം. യങ് ഇന്ത്യയിൽ ഗാന്ധി കുടുംബം 76 ശതമാനം ഓഹരികളും കൈവശം വച്ചിരുന്നുവെന്നും, 90 കോടി രൂപയുടെ വായ്പക്ക് പകരമായി എ.ജെ.എല്ലിന്റെ സ്വത്തുക്കൾ ‘വഞ്ചനാപരമായി’ തട്ടിയെടുത്തെന്നും അന്വേഷണ ഏജൻസി ആരോപിച്ചു.   എന്നാൽ, ഇതെല്ലാ​ം കോൺഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്.


Tags:    
News Summary - Delhi court refuses to take cognisance of ED chargesheet against Gandhis in National Herald case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.