സുപ്രീംകോടതി 

കമീഷന്റെ ചട്ടവിരുദ്ധമായ എസ്.ഐ.ആർ നോട്ടീസിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാറിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ വോട്ടർമാരുടെ പേര് നീക്കം ചെയ്യാനായി മുൻകൂട്ടി പൂരിപ്പിച്ച ലക്ഷക്കണക്കിന് നോട്ടീസുകൾ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയെന്ന റിപ്പോർട്ടിന്മേൽ ഇടപെടൽ നടത്താൻ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടർമാർക്ക് നോട്ടീസ് നൽകാനുള്ള അധികാരം പ്രാദേശിക വോട്ടർ രജിസ്ട്രേഷൻ ഓഫിസർമാർക്ക് ആണെന്നിരിക്കെ തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി ചട്ടവിരുദ്ധമാണെന്നാണ് പരാതി. എന്നാൽ മാധ്യമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഈ വിഷയം ഔപാചാരിക സത്യവാങ്‌മൂലത്തിലൂടെ കൊണ്ടുവന്നാൽ പരിഗണിക്കാമെന്നാണ് അറിയിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ഐ.ആർ പ്രക്രിയ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളുടെ വാദം കേൾക്കലിനിടെ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് തെരഞ്ഞെടുപ്പ് കമീഷൻ ചട്ടവിരുദ്ധമായി വോട്ടർമാർക്ക് നോട്ടീസ് നൽകിയെന്ന ഇന്ത്യൻ എക്‌സ്പ്രസിലെ റിപ്പോർട്ട് പരാമർശിച്ചത്. വോട്ടർമാരുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന, മുൻകൂട്ടി പൂരിപ്പിച്ചു വെച്ച നോട്ടീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് പുറപ്പെടുവിച്ചത്. ജനപ്രാതിനിധ്യ നിയമത്തിന് കീഴിൽ പ്രാദേശിക ഇലക്‌ടറൽ ഓഫിസർ ആണ് അത്തരം നോട്ടീസുകൾ അയക്കേണ്ടതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എസ്.ഐ.ആർ പ്രക്രിയയിലെ കേന്ദ്രീകൃത ഇടപെടൽ നടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് പ്രശാന്ത് ഭൂഷൻ വാദിച്ചത്.

എന്നാൽ, ഇത്തരം വിഷയങ്ങളിൽ മാധ്യമ റിപ്പോർട്ടിനെ ആശ്രയിക്കരുതെന്നും മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടരുതെന്നും തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത് വസ്തുതാപരമായി തെറ്റാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരാണ് വോട്ടർമാർക്ക് നോട്ടീസ് അയച്ചതെന്നും അദ്ദേഹം വാദിച്ചു. പത്രത്തിന്‍റെയും ലേഖകന്‍റെയും വിശ്വാസ്യത അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ മറുപടി ആവശ്യപ്പെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Tags:    
News Summary - Supreme Court hearing on SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.