‘എന്നെ വിടൂ സർ’; കൊൽക്കത്തയിൽ പിരിച്ചുവിട്ട അധ്യാപകർക്കുനേരെ പൊലീസിന്റെ അഴിഞ്ഞാട്ടം

കൊൽക്കത്ത: നിയമന അഴിമിതിയിൽ  സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പശ്ചിമ ബംഗാളിലെ സ്കൂൾ അധ്യാപകരുടെ പ്രതിഷേധ മാർച്ചിനു നേരെ അഴിഞ്ഞാടി കൊൽക്കത്ത പൊലീസ്. പ്രതിഷേധക്കാനെത്തിയ അധ്യാപകരെ കയ്യേറ്റം ചെയ്ത ​പൊലീസ് അവരെ വാനുകളിൽ കയറ്റികൊണ്ടുപോയി. പിരിച്ചുവിട്ട അധ്യാപകരുടെ നേതാക്കളിലൊരാളായ ചിന്മയ് മണ്ഡലും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ധർമതല മേഖലയിൽ നിന്നാണ് മണ്ഡലിനെ പിടികൂടിയത്.

എസ്.എൻ ബാനർജി റോഡ്-എസ്പ്ലനേഡ് ക്രോസിങിൽ പ്രതിഷേധിക്കുന്ന അധ്യാപകരിൽ ഒരാൾ ‘എന്നെ വിടൂ സർ. എന്നെ വിടൂ’ എന്നപേക്ഷിച്ചിട്ടും പൊലീസുകാർ അദ്ദേഹത്തെ കോളറിൽ പിടിച്ചു വലിച്ചിഴച്ചു.

പ്രതിഷേധം തുടങ്ങുന്നതിനു മുമ്പ് ജലപീരങ്കികളും കണ്ണീർവാതക ഷെല്ലുകളും അടക്കമുള്ള സംവിധാനങ്ങളുമായി 840 ഓളം കോൺസ്റ്റബിൾമാർ, 25 ആർ‌.എ‌.എഫ് ബറ്റാലിയനുകൾ, 12 ഇൻസ്‌പെക്ടർമാർ, 60 സബ് ഇൻസ്‌പെക്ടർമാർ എന്നിവർ സീൽഡ സ്റ്റേഷൻ പരിസരം കർശന നിരീക്ഷണത്തിലാക്കി. പ്രതിഷേധക്കാർ ഹൗറയിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത് തടയാൻ അവർ  നിലയുറപ്പിച്ചു.

20 ദിവസത്തിലേറെയായി സാൾട്ട് ലേക്ക് ബികാഷ് ഭവന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിഷേധക്കാർ മാർച്ച് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന സീൽഡയിലേക്ക് മെട്രോ സർവിസുകളിലൂടെയാണ് എത്തിയത്. എന്നാൽ, ഇവരിൽ പലരെയും മെട്രോ സ്റ്റേഷന് പുറത്ത് കാലെടുത്തുവച്ച ഉടനെ പിടികൂടി തെരുവുകളിൽ പാർക്ക് ചെയ്തിരുന്ന ജയിൽ വാനുകളിലേക്ക് കൊണ്ടുപോയി. പൊലീസ് വലയിൽ നിന്ന് രക്ഷപ്പെടാൻ ചില പ്രതിഷേധക്കാർ നീങ്ങുന്ന ട്രാമുകളിൽ കയറി.

സീൽഡയിലെ പൊലീസ് നടപടിക്കുശേഷം മണ്ഡലിനെപ്പോലുള്ള ചില പ്രതിഷേധക്കാർ നേരെ എസ്പ്ലനേഡിലേക്ക് പോയി മാർച്ച് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അതേ സാഹചര്യമാണ് അവർക്കും നേരിടേണ്ടി വന്നത്. എസ്പ്ലനേഡിലെ ഡോറിന ക്രോസിംഗിന് സമീപമുള്ള ഷോപ്പിംഗ് മാളുകളിൽ നിന്ന് പോലും പോലീസുകാർ അവരെ വലിച്ചിഴച്ച് പുറത്താക്കി.

‘ഞങ്ങൾക്ക് പൊലീസിൽ വിശ്വാസമില്ല. അവരോടൊപ്പം എവിടേക്കും പോകാൻ ആഗ്രഹിക്കുന്നില്ല’ പരിക്കേറ്റ പ്രതിഷേധക്കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അവർ പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വരെ മാർച്ച് നടത്താൻ പൊലീസുകാർ അനുമതി നൽകിയിരുന്നില്ല. പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് അറിയിപ്പുകളും നൽകിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകർക്കും മറ്റുള്ളവർക്കും പകരമായി അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും നിയമിക്കുന്നതിനുള്ള ഷെഡ്യൂൾ മമത ബുധനാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചിരുന്നു.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് 2016ലെ ക്യാഷ് ഫോർ ജോബ് കുംഭകോണത്തിൽ ഒഴിവുള്ള 24,203 അധ്യാപക തസ്തികകളും 20,000 പുതിയ തസ്തികകളും നികത്താൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യതയുള്ളവർ എന്ന് അവകാശപ്പെടുന്ന നിരവധി പ്രതിഷേധക്കാർ സുപ്രീംകോടതി നിർദേശിച്ചതുപോലെ മറ്റൊരു പരീക്ഷക്ക് ഇരിക്കേണ്ടതില്ലെന്നും അറിയിച്ചു.

Tags:    
News Summary - 'Leave Me, Sir': Pleas remain unheard as police swoop on sacked teachers in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.