ജയ്പൂർ: അമ്പലത്തിൽ പോയി തിരിച്ചു വന്ന സുഭാഷ് കുമാറും ഭാര്യയും വീട്ടിലെത്തിയപ്പോൾ കണ്ടത് എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങി കിടക്കുന്ന കള്ളനെയാണ്. അമ്പരന്ന് പോയ ദമ്പതികൾക്ക് ആദ്യം നിലവിളിച്ചു. പിന്നീട് കള്ളനോട് ആരാണെന്ന് ചോദിച്ചപ്പോഴാണ് താൻ മോഷ്ടാവാണെന്ന് പറഞ്ഞത്.
രാജസ്ഥാനിലെ കോട്ടയിലാണ് ആരുമില്ലാത്ത സമയം നോക്കി വീട്ടിൽ കയറി മേഷ്ടിക്കാൻ ശ്രമിച്ച കള്ളൻ മണിക്കൂറുകളോളം എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങിയത്. അടുക്കള ഭാഗത്തെ ദ്വാരത്തിലൂടെ അകത്ത് കടന്ന കള്ളന്റെ തലയും കൈകളും വീടിനുള്ളിലും അരക്ക് താഴെ വീടിന് പുറത്തുമായാണ് കുടുങ്ങിയത്. തുടർന്ന് പിടിക്കപ്പെടുമെന്ന് ഉറപ്പായ കള്ളൻ ദമ്പതികളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്നാൽ ഇതൊന്നും വക വെക്കാതെ വീട്ടുകാർ പൊലീസിൽ അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് ഏറെ നേരം പണിപ്പെട്ടാണ് കള്ളനെ പുറത്തെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ദ്വാരത്തിൽ നിന്ന് പുറത്തേക്ക് വലിക്കുമ്പോൾ കള്ളൻ വേദന കൊണ്ട് കരയുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസിനോടൊപ്പം നാട്ടുകാരും കള്ളനെ പുറത്തെടുക്കാൻ സഹായിച്ചിട്ടുണ്ട്.
രക്ഷപ്പെടുത്തിയ ശേഷം കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സംഘമായാണ് മോഷ്ടിക്കാൻ വന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇയാൾ കുടുങ്ങിയതിനെ തുടർന്ന് സംഘത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി ‘പൊലീസ്’ സ്റ്റിക്കർ പതിപ്പിച്ച കാറാണ് ഇവർ ഉപയോഗിച്ചത്. വാഹനം പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.