ന്യൂഡൽഹി: എം.പി സ്ഥാനം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരായ വധശ്രമക്കേസിലെ അപ്പീൽ വീണ്ടും ഹൈകോടതിയിലേക്ക് തിരിച്ചയക്കുന്നതിനെ മുഹമ്മദ് ഫൈസൽ എതിർത്തുവെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഹൈകോടതി രണ്ടാമത് ഉത്തരവിറക്കുന്നതുവരെ എം.പിയായി തുടരാനെങ്കിലും അനുവദിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടത്. പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാൽ ഫൈസൽ പാർലമെന്റിൽനിന്ന് എന്നന്നേക്കുമായി പുറത്താകുമെന്നും സിങ്വി വാദിച്ചു. എന്നാൽ, 2009ൽ ഫൈസലിന്റെയും സംഘത്തിന്റെയും ആക്രമണത്തിനിരയായ മുഹമ്മദ് സ്വാലിഹ്, എം.പിയായി തുടരാൻ ഫൈസലിനെ അനുവദിക്കരുതെന്ന് അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനം ഇപ്പോൾ നടക്കുന്നില്ലെന്നും നവംബർവരെ നടക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപ്പോൾ പാർലമെന്റ് സമിതികളിൽ ഫൈസൽ അംഗമാണെന്നും സ്വന്തം മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങളുണ്ടെന്നും സിങ്വി ബോധിപ്പിച്ചു.
ഹൈകോടതിയുടെ തെറ്റായ ഉത്തരവിന്റെ പ്രയോജനമാണ് ഫൈസലിന് ലഭിച്ചതെന്നും എം.പി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും മുഹമ്മദ് സ്വാലിഹിന് വേണ്ടി ഹാജരായ മേനക ഗുരുസ്വാമി വാദിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും ഇതേ വാദമുയർത്തിയെങ്കിലും ഹൈകോടതി ഉത്തരവ് വരുന്നതുവരെ തുടരട്ടെ എന്ന് ബെഞ്ച് വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.