ന്യൂഡൽഹി: ലഡാക് സംഘർഷം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും പൊലീസിന്റെയും വാദങ്ങൾ തള്ളി ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ. ദീർഘകാലമായി തൊഴിലില്ലാതെ അസ്വസ്ഥരായ യുവാക്കളുടെ രോഷമാണ് അവിടെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലേക്കും നയിച്ച അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ലഫ്റ്റനന്റ് ഗവർണറോട് ഹനീഫ ആവശ്യപ്പെട്ടു.
ബാഹ്യശക്തികളുടെ ഇടപെടൽ സമരത്തിലുണ്ടായിട്ടില്ലെന്നും സോനം വാങ്ചുക് ജനത്തെ പ്രകോപിതരാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി നിരാഹാരം നടത്തിയവരിൽ രണ്ടുപേരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷം പടർന്നത്.
കൗൺസിൽ സെക്രട്ടേറിയറ്റിനും ബി.ജെ.പി ആസ്ഥാനത്തിനും നേരെയുണ്ടായ ആക്രമണം നിർഭാഗ്യകരമാണ്. അതേസമയം സുരക്ഷാസേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ ഹനീഫ ചോദ്യം ചെയ്തു. ലഡാക്കിലെ നാല് യുവാക്കൾക്ക് നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ലഡാക്കിന്റെ സംസ്ഥാന പദവിക്കായുള്ള ചർച്ച ഉടൻ പുനരാരംഭിക്കണമെന്നും ഹനീഫ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.