ന്യൂഡൽഹി: അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളോട് കാട്ടുന്ന കടുത്ത വിവേചനത്തിൽ ആശങ്ക പ്രകടിപ്പിച്ച് വംശീയ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ സമിതി (സി.ഇ.ആർ.ഡി). ദേശീയ പൗരത്വ രജിസ്റ്റർ പ്രക്രിയയിൽ വംശീയ വിവേചനം, നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ, വിദ്വേഷ പ്രസംഗങ്ങൾ, ക്രമസമാധന ഏജൻസികളുടെ അമിത ബലപ്രയോഗം തുടങ്ങിയവയാണ് 2026 ജനുവരി 19ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിക്കയച്ച കത്തിൽ സി.ഇ.ആർ.ഡി ചൂണ്ടിക്കാട്ടിയത്. നേരത്തെ അയച്ച കത്തിനോടുള്ള സർക്കാറിന്‍റെ പ്രതികരണത്തിൽ സമിതി അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഉന്നയിച്ച പരാതികളിൽ പരിഹാര നടപടികൾ എടുക്കുന്നതിനെക്കുറിച്ച് പരാമർശമില്ലെന്നാണ് സമിതി ചൂണ്ടിക്കാട്ടിയത്.
ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ അന്തിമ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കിയതിലും സമിതിക്ക് ആശങ്കയുണ്ട്. നടപടിക്രമങ്ങളിലെ തകരാറുകളും രേഖകൾ ഇല്ലാത്തതും മറ്റുമാണ് അതിന് കാരണമായി വിശദീകരിക്കുന്നത്. വെരിഫിക്കേഷൻ വ്യവസ്ഥകൾ കർക്കശമാക്കിയതിനാലും വിദേശികളുടെ ട്രൈബ്യൂണൽ നടപടിക്രമങ്ങൾ മരവിപ്പിച്ചതിനാലും സംശയ നിഴലിൽ നിർത്തിയിരിക്കുന്ന വോട്ടർമാർക്ക് അത് ചോദ്യം ചെയ്യാനാകാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. ബദൽ പാർപ്പിട സൗകര്യമോ നഷ്‍ടപരിഹാരമോ നൽകാതെ പല ജില്ലകളിൽ നിന്നും ഇവരെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതായി ആരോപണമുണ്ട്. ഇവർക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും അതിക്രമങ്ങൾ ഇളക്കിവിടുകയും പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള ബലപ്രയോഗങ്ങളും സംഘം ചേർന്നുള്ള ആക്രമണങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ സമിതി ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
ഈ വിഭാഗത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി എടുക്കണമെന്നും, ആനുകാലിക റിപ്പോർട്ട് ഇന്ത്യ ഇനി സമർപ്പിക്കുമ്പോൾ പ്രസ്തുത ആശങ്കകൾ പരിഹരിക്കാൻ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിക്കണമെന്നും സമിതി കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.