യുദ്ധത്തെ പിന്തുണക്കുന്ന ‘ജിംഗോയിസ്റ്റു’കളെയും വിദ്വേഷപ്രിയരെയും സർക്കാർ നിയ​ന്ത്രിക്കണമെന്ന് പത്ത് പ്രമുഖ തൊഴിലാളി യൂനിയനുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ സാധാരണ ജനങ്ങൾ പാകിസ്താനുമായുള്ള യുദ്ധത്തെ അനുകൂലിക്കുന്നില്ലെന്നും സംഘർഷത്തെ പിന്തുണക്കുന്ന ‘ജിംഗോയിസ്റ്റുക’ളെയും വിദ്വേഷപ്രിയരെയും നിയന്ത്രിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജ്യത്തെ പത്ത് പ്രമുഖ ട്രേഡ് യൂനിയനുകൾ.

കോൺഗ്രസ് പിന്തുണക്കുന്ന ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ (ഇന്റുക്), സി.പി.ഐ പിന്തുണക്കുന്ന ഓൾ ഇന്ത്യ ട്രേഡ് യൂനിയൻ (എ.ഐ.ടി.യു.സി), സി.പി.എം പിന്തുണക്കുന്ന സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (സി.ഐ.ടി.യു) എന്നിവയുൾപ്പടെ പത്ത് തൊഴിലാളി സംഘടനകൾ ആണ് ഇതു സംബനധിച്ച നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രത്തിന്റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ മെയ് 20ന് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങൾക്കുള്ള തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലവിലുള്ള സംഘർഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയുണ്ടായി.

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച യോഗം ഇന്ത്യയിൽ വിദ്വേഷം പ്രചരിപ്പിക്കാനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ക്രൂരമായ ആക്രമണത്തിലൂടെ നിരപരാധികളായ പൗരന്മാരെ കൂട്ടക്കൊല ചെയ്തതെന്ന് നിരീക്ഷിച്ചു.

‘രാജ്യത്തെ ജനങ്ങൾ പൊതുവെ ശാന്തമായ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും പൗരന്മാരെ ദ്രോഹിക്കുന്ന യുദ്ധം അവർ ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ താൽപര്യാർഥം ഇന്ത്യാ സർക്കാർ തീവ്രവാദികളെയും വിദ്വേഷപ്രിയരെയും നിയന്ത്രിക്കേണ്ട സമയമാണിതെ’ന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

‘നമ്മുടെ പൗരന്മാരുടെ സമാധാനപരവും സൗഹാർദപരവുമായ ജീവിതത്തിന് ഹാനി വരുത്താനും തീവ്രവാദികളുടെ ഉദ്ദേശ്യം നടപ്പാക്കാനും വിഷം പരത്തുന്നവരെയും, വർഗീയ സംഘടനകളെയും അവരുടെ വിഭജന ധ്രുവീകരണ അജണ്ടയെയും പിന്തുടരുകയും ചെയ്യുന്നവരെയും ഞങ്ങൾ അപലപിക്കുന്നു. പഹൽഗാമിലെ ഭീകരമായ സംഭവത്തിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരി പൗരന്മാർക്കും വിദ്യാർഥികൾക്കും നേരെയുണ്ടായ ആക്രമണത്തെയും ഞങ്ങൾ അപലപിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Labour unions seek government leash on 'jingoists' and hate mongers supporting conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.