ലേബർ കോഡ് -എസ്.ഐ.ആർ -വായു മലിനീകരണം: കേരളാ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: ലേബർ കോഡ്, എസ്.ഐ.ആർ, വായു മലിനീകരണം എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേരളാ എം.പിമാർ പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം.പിമാരായ വി. ശിവദാസൻ, പി.വി. അബ്ദുൽ വഹാബ്, ബെന്നി ബഹനാൻ എന്നിവരാണ് നോട്ടീസ് നൽകിയത്. 

ഇന്ത്യയിലെ തൊഴിലാളികളെ കൊലക്ക് കൊടുക്കുന്ന ലേബർ കോഡുകളെപ്പറ്റി സഭ നിർത്തി വെച്ചു ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി. ശിവദാസൻ എം.പി ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. തൊഴിലാളിവർഗത്തെ ഒന്നായി ആക്രമിക്കുന്ന കോഡുകൾ, ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന ചരിത്രപരമായ അടിസ്ഥാന അവകാശം പോലും റദ്ദ് ചെയ്തിരിക്കുകയാണ്. തൊഴിലാളികളെ പിരിച്ചു വിടാനുള്ള പ്രക്രിയ എളുപ്പമാക്കിക്കൊടുക്കുന്ന കോഡുകൾ, സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുകയാണ്.

തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിൽ പ്രതികരിക്കാൻ പോലുമുള്ള അവകാശം -പണി മുടക്കാനുള്ള അവകാശം പോലും ഈ കോഡുകൾ കവർന്നെടുക്കുകയാണ്.അസമത്വം കൊടികുത്തിവാഴുന്ന ഇന്ത്യൻ തൊഴിലിടങ്ങളിൽ, ദുർബലരായ മനുഷ്യരെ അതിദുർബലരാക്കുന്ന ഈ ആന്റി ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും വി. ശിവദാസൻ നോട്ടീസിൽ വ്യക്തമാക്കി.

പ്രത്യേക വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാജ്യ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പി.വി.  അബ്ദുൽ വഹാബ് എം.പി

നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ അടിയന്തരമായി ചർച്ച ചെയ്യുന്നതിനായി രാജ്യസഭയിലെ ലിസ്റ്റ് ചെയ്ത നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റൂൾ 267 പ്രകാരം നോട്ടീസ് നൽകി.

ഈ ഘട്ടത്തിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും വോട്ടിങ് അവകാശത്തെക്കുറിച്ച് പൊതുജനങ്ങളിൽ വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് വഹാബ് നോട്ടീസിൽ പറയുന്നു.

തെരഞ്ഞെടുപ്പ് നടക്കവെ ഇത്തരമൊരു പുതുക്കൽ നടത്തുന്നത് സുതാര്യത, നിഷ്പക്ഷത, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തിടുക്കത്തിൽ നടത്തുന്ന ഈ പ്രക്രിയ മാറ്റിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയം അടിയന്തര പൊതു പ്രാധാന്യമുള്ളതാണ് എന്നും, തെരഞ്ഞെടുപ്പ് കമീഷൻ്റെ ഈ തീരുമാനത്തിൻ്റെ സമയവും നിയമസാധുതയും പ്രത്യാഘാതങ്ങളും സഭ ചർച്ച ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ, കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുകയോ, വിട്ടുവീഴ്ച ചെയ്യുകയോ ചെയ്യുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായു മലിനീകരണത്തിൽ ബെന്നി ബഹനാന്‍റെ അടിയന്തര പ്രമേയ നോട്ടീസ്

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ദിനംപ്രതി വർധിച്ചുവരികയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി ഉയരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ തീർത്തും പരാജയപ്പെട്ടിരിക്കുകയാണ്. വിഷയം അതിപ്രധാനമുള്ളതാണെന്നും സഭാ നടപടികൾ നിർത്തിവച്ച ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.