ബംഗളൂരു: രാജ്യത്തിെൻറ പ്രതിപക്ഷം കരുത്തുതെളിയിച്ച വേദിയിൽ ലക്ഷത്തിലേറെ ജനങ്ങളെ സാക്ഷിയാക്കി കർണാടകയിൽ കോൺഗ്രസ്-ജനതാദൾ സെക്കുലർ സഖ്യത്തിെൻറ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡോ. ജി. പരമേശ്വരയും അധികാരമേറ്റു.
ആശയ, അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ-പ്രാദേശിക പാർട്ടികൾ ബംഗളൂരു വിധാൻ സൗധയുടെ അങ്കണത്തിൽ ഒന്നിച്ചണിനിരന്നത് രാഷ്ട്രീയ ഇന്ത്യയുടെ അപൂർവ ചിത്രമായി. 2019 ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗതി നിർണയിച്ചേക്കാവുന്ന പ്രതിപക്ഷ െഎക്യത്തിന് നാന്ദികുറിച്ചുവെന്നതാണ് കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങിനെ ശ്രദ്ധേയമാക്കിയത്.
ബുധനാഴ്ച വൈകീട്ട് 4.30ന് നടന്ന ചടങ്ങിലാണ് ജനതാദൾ സെക്കുലർ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. കർണാടക ചീഫ് സെക്രട്ടറി രത്നപ്രഭ നേതൃത്വം നൽകിയ ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ 117 അംഗങ്ങളുമായി സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് പകരം 104 അംഗങ്ങളുള്ള ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാനും ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാനും അവസരംനൽകി വിവാദത്തിലകപ്പെട്ട ഗവർണർക്ക് ഒരാഴ്ചക്കുള്ളിൽ എതിർപക്ഷത്തിലെ മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടിവന്നതും ‘കർനാടകീയ’ത്തിലെ കാഴ്ചയായി.
സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ(കേരളം), അരവിന്ദ് കെജ്രിവാൾ (ഡൽഹി), മമത ബാനർജി (പശ്ചിമബംഗാൾ), എൻ. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്), വി. നാരായണസ്വാമി (പുതുച്ചേരി) എന്നിവരും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി ചീഫ് ശരദ്പവാർ, ജെ.ഡി.എസ് ചീഫ് ദേവഗൗഡ, രാഷ്ട്രീയ ലോക്ദൾ ചീഫ് അജിത് സിങ്, ജെ.ഡി.യു അധ്യക്ഷൻ ശരദ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷനൽ കോൺഫറൻസ് നേതാവ് മുബാറക് ഗുൽ, മുസ്ലിംലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, കേരള മന്ത്രിയും ജെ.ഡി.എസ് നേതാവുമായ മാത്യു ടി. തോമസ്, സി.പി.െഎ എം.പി ഡി. രാജ തുടങ്ങിയവർ പെങ്കടുത്തു.
ചടങ്ങിനുശേഷം വേദിയിൽ നേതാക്കളെല്ലാം കൈകോർത്ത് സദസ്സിനെ അഭിവാദ്യം ചെയ്തത് പ്രതിപക്ഷ െഎക്യം വിളംബരം ചെയ്തു. രാവിലെ മൈസൂരു ചാമുണ്ഡി ക്ഷേത്രത്തിലും പിന്നീട് രാമനഗരയിലെ ദർഗയിലും ചർച്ചിലും സന്ദർശനം നടത്തിയ ശേഷമാണ് കുമാരസ്വാമി കർണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാനെത്തിയത്. 10 മിനിറ്റ് മാത്രമായിരുന്നു ചടങ്ങ്.
ഹോട്ടലുകളിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർ സാക്ഷികളാവാനെത്തി. ബി.ജെ.പി നേതാക്കൾ കരിദിനമാചരിച്ച് ചടങ്ങിൽനിന്ന് വിട്ടുനിന്നു. കുമാരസ്വാമി സർക്കാർ വെള്ളിയാഴ്ച വിശ്വാസവോെട്ടടുപ്പിനെ നേരിടും. മറ്റുമന്ത്രിമാരെയും വകുപ്പുകളും വൈകാതെ തീരുമാനിക്കും. വിശ്വാസവോെട്ടടുപ്പിന് ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും.
#WATCH Live from Bengaluru: Oath-taking ceremony of JD(S) leader HD Kumaraswamy as Karnataka CM https://t.co/e3ROfBQeCm
— ANI (@ANI) May 23, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.