മണിപ്പൂർ വിഭജിക്കണമെന്ന് ബി.ജെ.പിക്കാരടക്കമുള്ള 10 കുക്കി എം.എൽ.എമാർ: ‘മെയ്തേയികൾക്കിടയിൽ കുക്കികൾക്ക് ജീവിക്കാൻ കഴിയുന്നില്ല’

ഇംഫാൽ: കുക്കി സമുദായത്തിന്റെ സംരക്ഷണത്തിന് മണിപ്പൂർ സംസ്ഥാനം വിഭജിക്കണമെന്ന് സമുദായാംഗങ്ങളായ 10 എം‌എൽ‌എമാർ. ബിരേൻ സിംഗ് സർക്കാരിലെ രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി എം.എൽ.എമാരും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ചിൻ-കുക്കി-സോമി ഗോത്രവർഗ്ഗക്കാരെ സംരക്ഷിക്കുന്നതിൽ മണിപ്പൂർ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് ഇവർ ആരോപിച്ചു.

സംസ്ഥാനത്ത് 70 പേരുടെ കൊലപാതകത്തിൽ കലാശിച്ച മെയ്തേയ് - കുക്കി കലാപത്തിന് പിന്നാലെയാണ് കുക്കി എം.എൽ.എമാർ പ്രത്യേക സംസ്ഥാനം എന്ന ആവശ്യവുമായി രംഗത്തുവന്നത്. കലാപത്തിന് ശേഷം മെയ്തേയികൾക്കിടയിൽ കുക്കി സമുദായക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും മരണമാണ് ഇതിനേക്കാൾ നല്ലതെന്നാണ് ആളുകൾ ചിന്തിക്കുന്നുണ്ടെന്നും എംഎൽഎമാർ പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പി നേതാക്കളായ ലെറ്റ്പാവോ ഹാക്കിപ്, നെംച കിപ്ഗൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ട മന്ത്രിമാർ. മേയ് നാലിന് ഇംഫാലിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജെപി എംഎൽഎ വുൻസഗിൻ വാൽട്ടെയും പ്രസ്താവനയിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ഹാക്കോലെറ്റ് കിപ്‌ജെൻ, എൽഎം ഖൗട്ടെ, എൻഗുർസാംഗ്ലൂർ സനേറ്റ്, ലെറ്റ്‌സമാങ് ഹയോകിപ്പ്, പൗലിയൻലാൽ ഹാക്കിപ് എന്നിവരാണ് ഒപ്പിട്ട മറ്റ് ബി.ജെ.പി എം.എൽ.എമാർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് പിന്തുണ നൽകിയ കുക്കി പീപ്പിൾസ് അലയൻസിലെ കിംനിയോ ഹാകിപ് ഹാങ്ഷിംഗ്, ചിൻലുന്താങ് ഹയോകിപ്പ് എന്നിവരും സംസ്ഥാന വിഭനം ആവശ്യപ്പെട്ടിട്ടുണ്ട്.

60 സീറ്റുകളുള്ള മണിപ്പൂർ നിയമസഭയിൽ ആറിലൊന്ന് എം.എൽ.എമാരാണ് പുതിയ കുക്കി സംസ്ഥാനത്തിന് ആവശ്യമുന്നയിച്ചത്. “എം‌.എൽ.‌എമാർ, മന്ത്രിമാർ, പാസ്റ്റർമാർ, പൊലീസ്, സിവിൽ ഓഫിസർമാർ, സാധാരണക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ പോലും വെറുതെവിടാത്ത തരത്തിൽ ആദിവാസി സമൂഹങ്ങളോടുള്ള വിദ്വേഷം ഉയർന്നതിനാൽ മണിപ്പൂരിന് കീഴിൽ നമ്മുടെ ആളുകൾക്ക് നിലനിൽക്കാനാവില്ല. ആരാധനാലയങ്ങളും വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെട്ട കാര്യം പറയേണ്ടതില്ലല്ലോ. മെയ്തികൾക്കിടയിൽ തുടർന്നും ജീവിക്കുന്നത് നമ്മുടെ ജനങ്ങൾക്ക് മരണത്തിന് തുല്യമാണ്" -എം.എൽ.എമാർ പ്രസ്താവനയിൽ പറഞ്ഞു.

സമുദായത്തി​ന്റെ വികാരമാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്ന​തെന്നും മണിപ്പൂർ സംസ്ഥാനത്തിൽ നിന്നുള്ള വേർപിരിയലാണ് പരിഹാരമെന്നും അവർ പറഞ്ഞു. ‘മണിപ്പൂർ സർക്കാർ ഞങ്ങളെ സംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിനാൽ ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രത്യേക ഭരണകൂടം അനുവദിക്കണമെന്ന് ഞങ്ങൾ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ്. മണിപ്പൂരിന്റെ അയൽസംസ്ഥാനമായി സമാധാനപരമായി ജീവിക്കാം’ -പ്രസസ്താവനയിൽ ചൂണ്ടിക്കാട്ടി.

വിഭജന ആവശ്യം ശക്തമാക്കാൻ തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ സമുദായ നേതാക്കളുമായും വിവിധ സംഘടന പ്രതിനിധികളുമായി മെയ് 16 ന് മിസോറാമിൽ കൂടിക്കാഴ്ച നടത്തും.

അതിനിടെ, കലാപത്തിൽ ​കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയി ഉയർന്നതായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു. മൂന്ന് മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. വ്യാഴാഴ്ച മൂന്ന് മെയ്തേയ് സമുദായാംഗങ്ങളെ ബിഷ്ണുപൂർ ജില്ലയിലെ ടോർബംഗ് ബംഗ്ലയിൽ നിന്ന് അജ്ഞകാതർ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ തുടരുകയാണെന്ന് സിംഗ് പറഞ്ഞു. അക്രമത്തെത്തുടർന്ന് മ്യാൻമറിലേക്ക് പലായനം ചെയ്ത മുന്നൂറോളം പേരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Kuki MLAs demand separate administration: Manipur state ‘miserably failed’ to protect us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.