ബംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കർണാടകയിലെ അതിർത്തി ജില്ലയായ കുടക് മേഖലയിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കുടക് േമഖലയിൽ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മടിക്കേരിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഞായറാഴ്ചയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കുടക് മേഖല സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകി.
ആകാശമാർഗം വിവിധയിടങ്ങൾ സന്ദർശിച്ച അദ്ദേഹം കുശാൽ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. ഞായറാഴ്ച രാത്രിയോടെതന്നെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെ ഏറെ നീണ്ട ശ്രമത്തിനൊടുവിൽ സൈന്യത്തിെൻറയും ദുരന്തനിവാരണ സംഘത്തിെൻറയും നേതൃത്വത്തിൽ കല്ലൂർ, ദേവാസുരു, ബാരി ബെലച്ചു, മണ്ടാൽപടി എന്നീ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ട 128ഒാളം പേരെ രക്ഷപ്പെടുത്തി.
മണ്ണിടിച്ചിലിനെ തുടർന്ന് നാലു ദിവസമായി കുടുങ്ങിക്കിടന്നവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരിൽ എട്ടരമാസം തികഞ്ഞ ഗർഭിണിയും 85 വയസ്സുള്ള വയോധികനുമുണ്ടായിരുന്നു. ഇവരെ സ്ട്രെചറിലാണ് പുറത്തെത്തിച്ചത്. മേഖലയിൽ ഒറ്റപ്പെട്ട മൃഗങ്ങൾക്കും ഭക്ഷണമെത്തിച്ചു. ഇതുവരെ മുവായിരത്തിലധികം പേരെയാണ് കുടക് മേഖലയിൽനിന്നു രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ സൈന്യവും ഹെലികോപ്ടറും ഞായറാഴ്ച രാവിലെയോടെ ലഭ്യമാക്കിയിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് ദിശമാറി ഒഴുകിയ നദിക്ക് കുറുകെ രണ്ടുവയസ്സുള്ള കുഞ്ഞുമായി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥൻ സിപ് ൈലനിൽ സുരക്ഷിതമായി മറുകരയിലെത്തിക്കുന്ന വിഡിയോയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി. മണ്ണിടിച്ചിലിനെ തുടർന്ന് ഒറ്റപ്പെട്ട ഗ്രാമത്തിൽനിന്നുള്ള കുഞ്ഞിനെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. കുഞ്ഞിനെയും മാതാവിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകർന്നതോടെ കുടകിലെ പ്രധാന വരുമാന സ്രോതസ്സായ വിനോദസഞ്ചാര മേഖലക്കാണ് കനത്ത തിരിച്ചടിയായത്. കുടകിനെ പഴയരീതിയിൽ വീണ്ടെടുക്കാൻ വർഷങ്ങളെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രധാന വിനോദസഞ്ചാരമേഖലകളിലേക്കുള്ള വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. നിരവധി കാപ്പിത്തോട്ടങ്ങളും കൃഷിയും കനത്തമഴയിൽ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.