മമ്ത കുൽക്കർണി

സന്യാസം സ്വീകരിച്ച മമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ

മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു. താരത്തെ അഖാഡയിൽ ചേർത്ത ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠിയേയും മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് നീക്കിയതായി കിന്നർ അഖാഡ സ്ഥാപകൻ റിഷി അജയ് ദാസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മമ്ത കുൽക്കർണി കിന്നർ അഖാഡയിലെത്തി സന്യാസ ജീവിതത്തിന് തുടക്കമിട്ടത്. കാഷായ വേഷവും രുദ്രാക്ഷ മാലയുമണിഞ്ഞ് അഖാഡയിലെത്തിയ മമ്ത ഇനി ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേരിലായിരിക്കും താൻ അറിയപ്പെടുകയെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, താരത്തിന്റെ സിനിമാ പശ്ചാത്തലവും മുൻകാല ക്രിമിനൽ പശ്ചാത്തലങ്ങളും വിവാദങ്ങളും പലരും ചൂണ്ടിക്കാട്ടുകയും അഖാഡയ്ക്കുള്ളിൽ തന്നെ വിമർശനങ്ങളുയരുകയും ചെയ്ത സാഹചര്യത്തിലാണ് താരത്തെ പുറത്താക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മമ്തയുടെ മുൻകാല ജീവിതം ചൂണ്ടിക്കാട്ടി പലരും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ബാഗേശ്വർ ധാമിലെ പീതാധീശ്വർ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയാണ് ആദ്യം വിമർശനമുയർത്തിയത്. യഥാർത്ഥ സന്യാസി ചൈതന്യമുള്ളവർക്ക് മാത്രമേ മഹാമണ്ഡലേശ്വർ പദവി നൽകാവൂവെന്നാണ് ശാസ്ത്രിയുടെ വിമർശനം. ബാഹ്യ സ്വാധീനത്തിൽ ഒരാളെ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വരനോ ആക്കും? തനിക്കിതുവരെ മഹാമണ്ഡലേശ്വരനാകാൻ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞിരുന്നു.




 

യോഗ പരിശീലകനും പതഞ്ജലി സഹസ്ഥാപകനുമായ ബാബാ രാംദേവും വിമർശനവുമായെത്തി. ഇന്നലെ വരെ ലൗകികസുഖങ്ങളിൽ മുഴുകിയവരെ ഒറ്റ ദിവസംകൊണ്ട് സന്യാസിമാരാക്കുകയാണെന്നായിരുന്നു രാംദേവിന്‍റെ വിമർശനം. 'ചിലയാളുകൾ, ഇന്നലെ വരെ ലൗകിക സുഖങ്ങളിൽ മുഴുകിയവർ, പെട്ടെന്ന് സന്യാസിമാരായി പരിവർത്തനം ചെയ്യപ്പെടുകയാണ്. ഒറ്റ ദിവസം കൊണ്ട് അവർക്ക് മഹാമണ്ഡലേശ്വർ പദവി വരെ ലഭിക്കുന്നു. പേരിന് മുന്നിൽ വെറുതെ 'ബാബ' എന്ന് ചേർക്കുന്നതോ അല്ലെങ്കിൽ കുംഭമേളയിൽ പങ്കെടുത്ത് റീൽസിട്ട് പ്രചാരണമുണ്ടാക്കുന്നതോ അംഗീകരിക്കാനാവില്ല. മാനുഷികതയെ ദൈവികതയിലേക്കും ആത്മീയതയിലേക്കും ഉയർത്തുകയെന്നതാണ് കുംഭമേളയുടെ അന്തസത്ത' -ബാബ രാംദേവ് പറഞ്ഞു.

90കളിൽ ബോളിവുഡിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടിയാണ് മമ്ത കുൽക്കർണി. ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നിവർ ഉൾപ്പെടെ മുൻനിര നായകന്മാരുടെ നായികയായിരുന്നു ഇവർ. 1992ൽ ‘തിരംഗ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. കരൺ അർജു​നിൽ ഷാറൂഖിനും സൽമാനും ക​ജോളിനുമൊപ്പം വേഷമിട്ടു. വഖ്ത് ഹമാരാ ഹേ, ക്രാന്തിവീർ, സബ്സേ ബഡാ ഖിലാഡി, ആന്ദോളൻ, ബാസി, ചൈനാ ഗേറ്റ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ നായികയായി. 2001ൽ പുറത്തിറങ്ങിയ ചുപാ റുസ്തം ആയിരുന്നു അവരുടെ അവസാന ഹിറ്റ് ചിത്രം. കഭീ തും കഭീ ഹം എന്ന ചിത്രത്തിനു​ശേഷം അവർ സിനിമാ ലോകത്തുനിന്ന് അപ്രത്യക്ഷയായി.

Tags:    
News Summary - Kinnar Akhara removes Mamta Kulkarni from maha mandleshwar post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.