മുംബൈ: മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിലെ ബൊറാട്ടി വനത്തിൽ ജനങ്ങൾക്ക് ഭീഷണിയായ പെൺകടുവ അവനിയെ വനംവകുപ്പ് വെടിവെച്ചുകൊന്ന സംഭവത്തിൽ വിവാദം ചൂടുപിടിക്കുന്നു.
വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രംഗത്തുവന്നു. ഒപ്പം നിരവധി മൃഗസ്നേഹി സംഘടനകളും സർക്കാറിനെതിരെ വിമർശനമുന്നയിച്ചു. 13 ഗ്രാമീണരെ കൊന്ന നരഭോജിയായ കടുവയെ ഇല്ലാതാക്കാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങിയ വനംവകുപ്പ് ശനിയാഴ്ചയാണ് വാടകക്കെടുത്ത വേട്ടക്കാരനെ ഉപയോഗിച്ച് കൃത്യം നടത്തിയത്. വനംവകുപ്പ് ജീവനക്കാരുടെ ജീവൻ രക്ഷിക്കാൻ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സർക്കാർ വിശദീകരണം.
പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ ഇൗ നിഷ്ഠുര കൊലപാതകത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് മേനക ആരോപിച്ചു. വിവിധ മേഖലകളിലുള്ളവരുടെ എതിർപ്പും ആശങ്കയും വകവെക്കാതെ കടുവയെ കൊന്നുകളയാൻ ഉത്തരവിട്ട സംസ്ഥാന വനം മന്ത്രിയുടെ നടപടിയിൽ ഖേദമുണ്ടെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിഷയം സംസാരിക്കുമെന്നും ഇതിൽ നിയമപരമായ എല്ലാ നടപടികളും എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദ ഷാർപ്ഷൂട്ടർ ഷഫാഅത്ത് അലി ഖാനെയും മകനെയും ദൗത്യം ഏൽപിച്ചതും പ്രതിഷേധാർഹമായ നടപടിയാണ്. മൂന്നു കടുവകളെയും 10 പുലികളെയും ഏതാനും ആനകളെയും മുന്നൂറോളം കാട്ടുപന്നികളെയും കൊന്നയാളാണ് ഖാനെന്നും അവർ ആരോപിച്ചു. അമ്മയില്ലാതായതോടെ, 10 മാസം മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും അവർ ആശങ്കപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ വിമർശനം ഏറ്റുവാങ്ങിയ വനം മന്ത്രി മുംഗന്തിവാർ ഇതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചു. മയക്കുവെടി വെച്ച് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ കടുവ ജീവനക്കാർക്കു നേരെ കുതിച്ചെന്നും ഇതേതുടർന്നാണ് കൊല്ലേണ്ടിവന്നതെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു. മൃഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ‘പെറ്റ’യും സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. വേട്ടക്കാരെൻറ ചോരക്കൊതിയാണ് ഇൗ നിയമവിരുദ്ധ കൊലപാതകത്തിന് കാരണമായതെന്ന് സംഘടന വക്താവ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.