‘കൊലപാതകത്തിനും ഭീഷണിക്കും നേതൃത്വം നൽകുന്നു,’ വാൻകൂവറിലെ ഇന്ത്യൻ കോൺസു​ലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാൻ സംഘടന

വാൻകോവർ: കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം വളയുമെന്ന ഭീഷണിയുമായി ഖലിസ്ഥാനി സംഘടന. സെപ്റ്റംബർ 18ന് കാര്യാലയം വളയുമെന്നും അന്ന് അവിടേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ഖലിസ്ഥാനി സംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ)’ നോട്ടീസ് ഇറക്കി.

ഖലിസ്ഥാനി നേതാക്കളായ ഹർദിപ് സിങ് നിജ്ജാറടക്കമുള്ളവരുടെ കൊലപാതകങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ എസ്.എഫ്.ജെ, നയതന്ത്ര കാര്യാലയത്തെ മുൻനിർത്തി ഇന്ത്യ കാനഡയിലുടനീളം ഖലിസ്ഥാൻ അനുകൂല സിഖുകാരുടെ രഹസ്യവിവരങ്ങൾ ചോർത്തുകയാണെന്നും ആരോപിച്ചു.

വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ എട്ടുമുതൽ 12 മണിക്കൂർ നേരത്തേക്ക് കോൺസുലേറ്റ് ഉപരോധിക്കുമെന്നാണ് ഖലിസ്ഥാനി സംഘടനയുടെ മുന്നറിയിപ്പ്.

‘സെപ്റ്റംബർ 18ന് വാൻകൂവറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി സന്ദർശനം നടത്താനിരിക്കുന്നവർ അത് മ​റ്റൊരുദിവസത്തേക്ക് മാറ്റിവെക്കണം. കനേഡിയൻ മണ്ണിൽ ഇന്ത്യൻ ഭരണകൂടം നടത്തുന്ന ചാരവൃത്തിക്കും ഭീഷണിക്കും ഉത്തരവാദിത്തം ആവശ്യപ്പെട്ട് ഖാലിസ്ഥാൻ അനുകൂല സിഖുകാർ കേന്ദ്രം ഉപരോധിക്കും.’-സംഘടന പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.

‘കാനഡയിലെ ഇന്ത്യൻ ഹിന്ദുത്വഭീകരതയുടെ പുതിയ മുഖം’ എന്ന് വിശേഷിപ്പിച്ച് കാനഡയിലെ ഇന്ത്യൻ ഹൈകമീഷണറായ ദിനേശ് പട്നായിക്കിൻറെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

2023ൽ ഹർദീപ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കാര്യമായ ഉലച്ചിലിലുകൾ ഉണ്ടായിരുന്നു. കാനഡയുടെ ആരോപണം അവ്യക്തവും അടിസ്ഥാന രഹിതവുമെന്ന് വിശേഷിപ്പിച്ച ഇന്ത്യ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

അടുത്തിടെ, നയതന്ത്ര ബന്ധം ഊഷ്മളമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇരുരാജ്യങ്ങളും പുതിയ ഹൈകമീഷണർമാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ജെയുടെ ഭീഷണി. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന പട്നായിക് ഒട്ടാവയിലെ പ്രധാന ചുമതല ഉടൻ ഏറ്റെടുക്കും. ക്രിസ്റ്റഫർ കൂട്ടറാണ് ഇന്ത്യയിലെ കാനഡയുടെ പുതിയ ഹൈകമീഷണർ.  

Tags:    
News Summary - Khalistani outfit SFJ threatens to 'siege' Indian consulate in Vancouver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.