'ദൈവത്തിന് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ'; ദെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാന്‍

മേരിക്കയിലെ ദെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങി. സാറ്റ്ലൈറ്റ് ഫോൺ വഴി ഷെയ്ഖിന്‍റെ സഹായമഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദരസൂചകമായി പതാക നാട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്.

സമുദ്ര നിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലുള്ള ക്യാമ്പിലാണ് കുടുങ്ങി കിടക്കുന്നത്. ഇപ്പോഴും ശക്തമായ കാറ്റ് വീശുകയാണെന്നും കൈവശമുള്ള വെള്ളവും ഭക്ഷണവും തീരാറായെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ ധനകാര്യ വകുപ്പിലെ അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസറാണ് ഖാന്‍. 2022ലാണ് ഖാന്‍ എവറസ്റ്റ് കീഴടക്കിയത്. 2021 ൽ നടത്തിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ എക്സ്പെഡിഷനോടെയാണ് പർവതാരോഹകനാകുന്നത്. അഞ്ച് വർഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും 195 രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുക എന്നതാണ് ഖാന്‍റെ ദൗത്യം.

അപകടസാധ്യതകൾ ഏറെയുള്ള പർവതാരോഹണമാണ് ദെനാലി. ഓരോ വർഷവും ധാരാളം ആളുകൾ ഈ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുള്ളത്. എന്നാൽ അതിൽ പകുതിയിൽ താഴെ മാത്രം ആളുകളാണ് പൂർത്തിയാക്കാറുള്ളത്. കണക്കുകൾ പ്രകാരം 1932 മുതൽ 100ലധികം ആളുകൾ ദെനാലിയിൽ മരിച്ചിട്ടുണ്ട്.

ദെനാലി പർവതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് ഈ പർവതം. യു.എസ്.എ യുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ അലാസ്കയിലാണ് ദെനാലി കൊടുമുടി. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പർവതങ്ങളിലൊന്നാണിത്.

Tags:    
News Summary - Kerala Mountaineer Stuck On US Mountain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.